World

ഗസയിൽ വംശഹത്യ തുടർന്നാൽ ആഗോള തലത്തിൽ ഒറ്റപ്പെടും; ഇസ്രയേലിന് മുന്നറിയിപ്പുമായി ജോ ബൈഡൻ

ഇസ്രയേലിനു മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. ഗസയിൽ വംശഹത്യ തുടർന്നാൽ ആഗോള തലത്തിൽ ഒറ്റപെടുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം പുണ്യമാസമായ റമദാനിൽ ഗസയിൽ താൽക്കാലിക വെടി നിർത്തലിനു ഇസ്രയേൽ സമ്മതിച്ചതായും ബൈഡൻ വ്യക്തമാക്കി. അടുത്ത തിങ്കളാഴ്ചതന്നെ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു.

ഹമാസ് പ്രതിനിധികളുള്‍പ്പെടെ വിവിധ നേതാക്കള്‍ പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ താല്‍കാലിക വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ എന്നിവയെ സംബന്ധിച്ച് ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പ്രതികരിച്ചിരുന്നു. ചില വിട്ടുവീഴ്ചകൾക്ക് ഹമാസ് തയ്യാറായേക്കുമെന്നും റിപ്പോർട്ടുണ്ട്.

ഗസയിൽ മനുഷ്യജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഈജിപ്ത്, ഖത്തര്‍, യു.എസ്., ഫ്രാന്‍സ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം നിര്‍ത്തുന്നതിനും ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനുമായുള്ള അടിയന്തര മാര്‍ഗങ്ങള്‍ തിരയുകയാണ്.