ഒഴിയാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഗസ്സയിലെ അല്‍ഖുദ്‌സ് ആശുപത്രിക്ക് സമീപം ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. നിരവധി ഇസ്രായേല്‍ സൈനികരെ വധിച്ചെന്നാണ് ഹമാസിന്റെ അവകാശവാദം. വെന്റിലേറ്ററുകളില്‍ നിരവധി രോഗികളും ഇന്‍ക്യുബേറ്ററില്‍ നിരവധി കുഞ്ഞുങ്ങളും പരിചരണത്തിലുള്ളപ്പോള്‍ എല്ലാവരേയും ഒഴിപ്പിക്കുക പ്രായോഗികമല്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ അഭിപ്രായം. ആശുപത്രിയിലെ രോഗികളെല്ലാവരും പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ ഭയചകിതരാണ് അല്‍ഖുദ്‌സ് ആശുപത്രി ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. (Israel bombs areas close to Al Quds hospital in Gaza)
അതേസമയം ഗസ്സയില്‍ നിലവില്‍ ആശയവിനിമയം പുനസ്ഥാപിച്ചിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തിലും ഹമാസ് ആക്രമണത്തിലുമായി പശ്ചിമേഷ്യയില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 9500ആയി.ഇസ്രയേലില്‍ നിന്നുള്ള വിമാനം എത്തിയതില്‍ പ്രതിഷേധിച്ച് റഷ്യയിലെ ഡാഗെസ്താന്‍ വിമാനത്താവളത്തില്‍ പലസ്തീന്‍ അനുകൂലികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു.
വെസ്റ്റ് ബാങ്കിലും ഇസ്രാലേയിന്റെ പരിശോധനയും ആക്രമണവും തുടരുകയാണ്. കിഴക്കന്‍ ജറുസലേമിലെ പലസ്തീനികള്‍ കൂടുതലുള്ള ജില്ലയായ സില്‍വാനിലും റെയ്ഡ് പുരോഗമിക്കുകയാണ്.ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസിയു എന്നിവരുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചര്‍ച്ച നടത്തി. സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെങ്കിലും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് അനുസൃതമായി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഇസ്രായേലിന്റെ ഉത്തരവാദിത്തമാണെന്നും ബൈഡന്‍ ആവര്‍ത്തിച്ചു