World

ഗസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ; വ്യോമാക്രമണത്തിൽ 29 പലസ്തീനികൾ കൊല്ലപ്പെട്ടു

തെക്കൻ ഗസയിൽ റഫയിലെ റെസിഡൻഷ്യൽ ഏരിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 29 പലസ്തീനികൾ കൊല്ലപ്പെട്ടു. ജബലിയ അഭയാർത്ഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. താൽക്കാലിക വെടിനിർത്തലിന് തയ്യാറാണെന്ന് ഇസ്രയേൽ പ്രസിഡന്റ് അറിയിച്ചു. വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം യുഎൻ രക്ഷാ സമിതി അല്പ സമയത്തിനകം വോട്ടിനിടും. പ്രമേയത്തിൽ വെടിനിർത്തലെന്ന വാക്ക് ഉപയോ​ഗിച്ചാൽ ഹമാസിന് ​ഗുണകരമാകുമെന്ന് യു.എസ്.

പത്ത് ലക്ഷത്തോളം വരുന്ന ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഓഷ്വിറ്റ്‌സ് അഭയാര്‍ത്ഥി ക്യാമ്പ് പോലെ ഗസ്സയെ മാറ്റണമെന്നാണ് ഇസ്രയേലിലെ ടൗണ്‍ കൗണ്‍സില്‍ മേധാവി അഭിപ്രായപ്പെട്ടത്. ഗസ്സ മുനമ്പ് തകര്‍ത്ത് തരിപ്പണമാക്കി മാറ്റണമെന്നും ഗസ്സ നിവാസികളെ ലെബനനിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് അയയ്ക്കണമെന്നുമാണ് പ്രഖ്യാപനം.

തകര്‍ന്ന് തരിപ്പണമാകുന്ന ഗസ്സ അറിയപ്പെടുക പോളണ്ടിലെ ഓഷ്വിസ്റ്റ് അഭയാര്‍ത്ഥി ക്യാമ്പിന്റെ മാതൃകയിലായിരിക്കും. ഇസ്രയേലിലെ ഒരു പ്രാദേശിക റേഡിയോ ചാനലിനോടായിരുന്നു ഡേവിഡ് അസൗലൈയുടെ പ്രതികരണം. 1930കളില്‍ നാസി ജര്‍മ്മനി സ്ഥാപിച്ച കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പാണ് ഓഷ്വിറ്റ്‌സ്. 1942ല്‍ ക്യാമ്പ്, യൂറോപ്പിലെ ജൂതന്മാരുടെ ഏറ്റവും വലിയ ഉന്മൂലന കേന്ദ്രമായി മാറി. പത്ത് ലക്ഷത്തോളം വരുന്ന ജൂതന്മാരാണ് ഓഷ്വിസ്റ്റിലെ ഗ്യാസ് ചേംബറുകള്‍ക്കുള്ളില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്.

‘ഗസ്സ മുഴുവന്‍ ഇടിച്ചുനിരത്തണം. മുനമ്പിലെ ആളുകളെയെല്ലാം സൈന്യം ലെബനന്‍ തീരത്തേക്ക് കൊണ്ടുപോകണം. അവിടെ മതിയായ അഭയാര്‍ത്ഥി ക്യാമ്പുകളുണ്ട്. കടല്‍ത്തീരം മുതല്‍ ഗാസ അതിര്‍ത്തി വേലി വരെ സുരക്ഷാ സ്ട്രിപ്പ് സ്ഥാപിക്കണം. ഓഷ്വിറ്റ്‌സ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനോട് സാമ്യമുള്ള മ്യൂസിയമാക്കി ഗസ്സയെ മാറ്റുകയാണ് ചെയ്യേണ്ടത്’. ഡേവിഡ് അസൗലൈ പറഞ്ഞു.

ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്‌ലറുടെ ക്യാമ്പ് പോലെ ഗസ്സയെ മാറ്റണമെന്ന പ്രഖ്യാപനത്തോട് രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. പലസ്തീനികളെ ഗസ്സയില്‍ വീണ്ടും താമസിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ടൗണ്‍ കൗണ്‍സില്‍ തലവന്‍ പറഞ്ഞു.