World

ഇസ്രായേലില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും നിരോധിച്ചുള്ള ബില്ല് പാസ്സാക്കി ഐറിഷ് പാര്‍ലമെന്റ്

ഇസ്രായേലില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും നിരോധിച്ചുള്ള ബില്ല് പാര്‍ലമെന്റില്‍ പാസ്സാക്കി ഐറിഷ് സര്‍ക്കാര്‍. സ്വതന്ത്ര ഐറിഷ് സെനറ്ററായ ഫ്രാന്‍സിസ് ബ്ലാക്കാണ് ഇസ്രായേലില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും നിരോധിക്കണമെന്ന ആവശ്യം ആദ്യം പാര്‍ലമെന്റില്‍ മുന്നോട്ട് വെക്കുന്നത്. ഇസ്രായേല്‍ അധീന വെസ്റ്റ് ബാങ്കില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും ഒഴിവാക്കണമെന്നായിരുന്നു ബ്ലാക്കിന്റെ ആവശ്യം. ഇത് പിന്നീട് ഐറിഷ് ലോവര്‍ ഹൌസായ ഡെയില്‍ പാസ്സാക്കുകയായിരുന്നു. 45നെതിരെ 78 വോട്ടുകളാണ് ബില്ലിനെതിരെ സഭയില്‍ ഉയര്‍ന്നത്.

‘അയര്‍ലാന്റ് എല്ലായ്പ്പോഴും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുമൊപ്പമാണ്, ഞങ്ങള്‍ ചരിത്രത്തിന് ഒരുപടി അടുത്താണ്’; ബില്ലിനെതിരായ വോട്ടെടുപ്പിന് ശേഷം സെനറ്റര്‍ ബ്ലാക്ക് ട്വീറ്റ് ചെയ്തു.

പ്രതിപക്ഷ കക്ഷികളെല്ലാം പിന്തുണക്കുന്ന ബില്ല് മുന്നോട്ട് നീങ്ങി നിയമമായി മാറാന്‍ ഇനിയും കടമ്പകളേറെയാണ്. ബില്ല് നിയമമായി മാറുകയാണെങ്കില്‍ അധിനിവേശ മേഖലകളിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യമാകും അയര്‍ലാന്റ്.

അതെ സമയം ബില്ലിനെതിരെ വിമര്‍ശനവുമായി ഇസ്രായേല്‍ വിദേശ കാര്യ മന്ത്രി രംഗത്ത് വന്നിട്ടുണ്ട്. അയര്‍ലാന്റ് അംബാസഡര്‍ അലിസണ്‍ കെല്ലിയെ വിളിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സംഭവത്തില്‍ അയര്‍ലാന്റിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. ‘പശ്ചിമേഷ്യയിലെ ഒരേയൊരു ജനാധിപത്യ രാജ്യത്തി’നെതിരെയുള്ള അയര്‍ലാന്റ് നടപടി നാണക്കേടാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ബില്ലിനെ പിന്തുണച്ച് ഫലസ്തീന്‍ നാഷണല്‍ ഇനീഷ്യേറ്റീ്വ് പാര്‍ട്ടി വലിയ വിജയമെന്ന് വിശേഷിപ്പിച്ചു. ഇതേ രൂപത്തിലുള്ള ബില്ല് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും പാസ്സാക്കാന്‍ ശ്രമിക്കുമെന്ന് ഫലസ്തീന്‍ നാഷണല്‍ ഇനീഷ്യേറ്റീ്വ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ മുസ്തഫ ബാര്‍ഗൌട്ടി പറഞ്ഞു.