World

ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ അറസ്റ്റിൽ; മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്

ഇന്ത്യൻവംശജനായ യുവാവ് കാനഡയിൽ അറസ്റ്റിൽ. 32കാരനായ ഇന്തർദീപ് സിംഗ് ഘോഷാലാണ് അറസ്റ്റിലായത്. കനേഡിയൻ വംശജനെ കുത്തികൊലപ്പെടുത്തിയതിന്റെ പേരിലാണ് അറസ്റ്റ്. പോൾ സ്റ്റാൻലി എന്ന കനേഡിയൻ യുവാവാണ് കൊല്ലപ്പെട്ടത്.

കാനഡയിലെ വാൻകോവർ എന്ന സ്ഥലത്തെ സ്റ്റാർബക്സ് കോഫി ഷോപ്പിനു സമീപമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്റ്റാർബക്സ് കോഫി ഷോപ്പിൽ സമാധാനപരമായി കോഫി കുടിച്ചുകൊണ്ടിരുന്ന പോളിനെ ഒരു കാരണവുമില്ലാതെ ഇന്തർദീപ് ആക്രമിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ പോളിനെ ആസ്പത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

‘തന്റെ മകന് ഭാര്യയും ഒരു മകളുമാണുള്ളത്. അവരോടൊപ്പം കോഫി കുടിക്കാൻ ഇറങ്ങിയതാണ് അവൻ.’ പോളിന്റെ മാതാവ് കാത്തി മാധ്യമങ്ങളോട് പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിട്ടുണ്ടെങ്കിലും പോളിനെ ഇന്ദർദീപ് കൊല്ലാനുള്ള കാരണം വ്യക്തമായിട്ടില്ല.

വാൻകോവർ പൊലീസിന്റെ ഔദ്യോഗിക വക്താവ് സ്റ്റീവ് എഡിസൺ, തങ്ങൾ കൂടുതൽ സാക്ഷികളെ വിസ്തരിച്ചുകൊണ്ടിരിക്കുകയാണെന്നും വീഡിയോ തെളിവുകളടക്കം പരിശോധിക്കുന്നുണ്ട് എന്നും അറിയിച്ചു. ഇതുവഴി ആക്രമിയുടെ ഉദ്ദേശം എന്തെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൂടുതൽ തെളിവ് ലഭിച്ചാൽ മാത്രമേ സംഭവിച്ചതെന്തെന്നു വ്യക്തമായി പറയാൻ സാധിക്കൂ. കേസ് തെളിയിക്കാൻ കൂടുതൽ സമയം ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. സംഭവം നടക്കുന്ന സമയം സമീപ പ്രദേശങ്ങളിൽ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നുണ്ട്. അതുവഴി എന്തെങ്കിലും സൂചന ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

അതേസമയം, സോഷ്യൽ മീഡിയയിൽ ഈ കേസിന് ആസ്പദമായ സംഭവമെന്ന രീതിയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അത് വ്യാജമാണെന്നും പ്രചരിപ്പിപ്പിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. ആ സംഭവം നേരിട്ട് കണ്ട ദൃക്‌സാക്ഷികളാരെങ്കിലുമുണ്ടെങ്കിൽ പൊലീസിനെ സമീപിക്കണമെന്നും കേസ് തെളിയിക്കാനാവശ്യമായ സുപ്രധാന തെളിവുകൾ ചിലപ്പോൾ അവർക്ക് തരാൻ കഴിഞ്ഞേക്കുമെന്നും പൊലീസ് പറഞ്ഞു. പോളിനും ഇന്ദർദീപിനും മുൻപരിചയമുണ്ടായിരുന്നില്ല എന്നാണ് പൊലീസ് നിഗമനം.