എന്താണ് ഇന്ത്യക്ക് മാലിദ്വീപ്? പതിറ്റാണ്ടുകളുടെ രഷ്ട്രീയബന്ധം, നൂറ്റാണ്ടുകളുടെ സാംസ്കാരിക ബന്ധം, സഹസ്രാബ്ധങ്ങളായുള്ള ഭൂമിശാസ്ത്ര ബന്ധം. അതിനെ ശരിക്കും ചരിത്രപരമായി ഒരു പൊക്കിൾക്കൊടി ബന്ധം എന്നു വിളിക്കാം. ആ ബന്ധം മുറിച്ചെറിയാൻ എന്തുകൊണ്ട് പ്രസിഡൻറ് മുഹമ്മ്ദ് മൂയിസു തീരുമാനിച്ചു. ഇന്ത്യ ഔട്ട് എന്ന് തീവ്രസംഘടനകൾ മാത്രം അവിടെ ഉയർത്തിയിരുന്ന ആ നിലപാട് എന്തുകൊണ്ട് പ്രസിഡൻറു തന്നെ സ്വന്തം ശബ്ദത്തിൽ ആവർത്തിച്ചു? ചരിത്രത്തിലേക്കും വസ്തുതകളിലേക്കുമുള്ള വെർച്വൽ യാത്ര നമ്മൾ ഇവിടെ ആരംഭിക്കുകയാണ്.(India Maldives relation history and facts)
ആരാണ് പ്രസിഡൻറ് മുഹമ്മദ് മൂയിസു?
2023 നവംബർ 17നാണ് മാലിദ്വീപിൻറെ പ്രസിഡൻറായി മുഹമ്മദ് മൂയിസു ചുമതലയേറ്റത്. നാൽപ്പത്തിയഞ്ചുവയസ്സ് മാത്രമാണ് പ്രായം. മുൻ പ്രസിഡൻറ് അബ്ദുല്ല യമീൻ അഴിമതിക്കുറ്റത്തിൽ ജയിലിലായതോടെ അപ്രതീക്ഷിതമായി കിട്ടിയതാണ് പാർട്ടി അധ്യക്ഷ പദവി. അതുവരെ രാജ്യം ഭരിച്ച ഇബ്രാഹിം മുഹമ്മദ് സോലിഹിനെ തോൽപ്പിച്ചാണ് അധികാരത്തിലെത്തിയത്. ലണ്ടൻ സർവകലാശാലയിൽ നിന്ന് സ്ട്രക്ചറൽ എൻജിനിയറിങ് ബിരുദം. ലീഡ്സിൽ നിന്ന് ഡോക്ടറേറ്റ്. മാലിദ്വീപിലെ ഉന്നതവിദ്യഭ്യാസം നേടിയ തലമുറയുടെ പ്രതിനിധിയാണ് മുഹമ്മദ് മൂയിസു. ശരിക്കും നവ മാൽദീവിയൻ.
ചുമതലയേറ്റ ശേഷം ആദ്യം ഇന്ത്യ സന്ദർശിക്കുന്ന പ്രസിഡൻറുമാരുടെ പതിവ് നിർത്തി മുഹമ്മദ് മൂയിസു ഇത്തവണ പോയത് തുർക്കിയിലേക്കാണ്. അവിടെ തീർന്നില്ല പ്രകോപനം. പിന്നത്തെ യാത്ര പ്രഖ്യാപിച്ചത് ഇന്ത്യയുടെ ആജന്മശത്രുവായ ചൈനയിലേക്കും. ഈ പ്രകോപനങ്ങൾക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനം ചെയ്ത് എക്സിൽ പോസ്റ്റ് ഇട്ടത്. അതിനോടു മൂന്ന് മാലിദ്വീപ് മന്ത്രിമാർ മോശമായി പ്രതികരിച്ചു. ലോകമെങ്ങും അതു വലിയ വാർത്തയായി.
മൂന്നു മന്ത്രിമാരെ മാറ്റിനിർത്തുന്നതായി പ്രസിഡൻറ് മുഹമ്മദ് മൂയിസു പ്രഖ്യാപിച്ചതോടെ സമവായമായി എന്നായിരുന്നു എല്ലാവരും കരുതിയത്. അതു പറഞ്ഞു നാവു വായിലിടും മുൻപ് ആൾ മറ്റൊന്നുകൂടി പ്രഖ്യാപിച്ചു. അടുത്ത സന്ദർശനം ചൈനയിലേക്കു തന്നെ. മാത്രമല്ല സ്ഥാനാരോഹണ ദിവസം വളച്ചുചുറ്റി പറഞ്ഞകാര്യം നേരിട്ടു തന്നെ വീണ്ടും പറഞ്ഞു. ഇന്ത്യയുടെ സൈന്യത്തെ മാലിദ്വീപിൽ നിന്ന് പൂർണമായും പിൻവലിക്കണം. ഇല്ലെങ്കിൽ കർശനമായ തിരിച്ചടി നേരിടേണ്ടി വരും. മാർച്ച് 31 ആണ് പ്രസിഡൻറ് നൽകിയിരിക്കുന്ന അന്ത്യശാസനത്തീയതി.
എന്താണ് മാലിദ്വീപിൽ ഇന്ത്യ ചെയ്യുന്നത്?
ഇന്ത്യ മാലിദ്വീപിൽ യുദ്ധം ചെയ്യാൻ പോയതല്ല എന്നാണ് ആദ്യത്തെ ഉത്തരം. അവിടെ ആകെയുള്ളത് ഇന്ത്യയുടെ 88 സൈനികരാണ്. പിന്നെ രണ്ട് ഹെലികോപ്റ്റർ. ഒരു ഡോണിയർ. ഇത് എടുത്തുമാറ്റാനാണ് മാലിദ്വീപ് പ്രസിഡൻറ് പറയുന്നത്. അപ്പോൾ ശരിക്കും നഷ്ടം ആർക്കാണ്. മാലിദ്വീപിലെ ജനതയ്ക്കു തന്നെയാണ് എന്നാണ് ഇന്ത്യ നൽകുന്ന മറുപടി. വിദൂര ദ്വീപുകളിൽ നിന്ന് രോഗികളെ കൊണ്ടുവരാൻ ഇന്ത്യ ഒരുക്കി നൽകിയ സൗകര്യമാണ് ഹെലികോപ്റ്ററുകൾ. കൂടാതെ മാലിദ്വീപിലെ സൈനികർക്ക് പരിശീലനവും നൽകിയിരുന്നത് ഈ സംവിധാനം ഉപയോഗിച്ചാണ്. അവർ വിളിച്ചുവരുത്തി നിർത്തിയ സൈന്യമാണ്. അല്ലാതെ പടവെട്ടിപ്പിടിച്ച ഭൂമിയിലല്ല ഇന്ത്യ നിന്നത് എന്ന് അർത്ഥം. വേറെയുമുണ്ട് പ്രശ്നങ്ങൾ.
1988ൽ പട്ടാളം മാലിദ്വീപിൽ അട്ടിമറിക്കൊരുങ്ങിയപ്പോൾ പറന്നെത്തി അതു നിഷ്പ്രഭമാക്കിയത് ഇന്ത്യയാണ്. 2004ലെ സുനാമിയിൽ തകർന്നു നാശമായപ്പോൾ സഹായവുമായി പാഞ്ഞെത്തിയതും ഇന്ത്യയാണ്. 2020ലെ കൊവിഡിൽ ഇന്ത്യ നിർമിച്ച വാക്സിൻ ഇന്ത്യൻ ജനതയ്ക്കൊപ്പം ആദ്യഘട്ടത്തിൽ തന്നെ മാലിദ്വീപ് ജനതയ്ക്കും കിട്ടി. ഇക്കഴിഞ്ഞ മാസങ്ങളിൽ ശുദ്ധജലമില്ലാതെ വലഞ്ഞപ്പോൾ കപ്പലിൽ എത്തിച്ചു നൽകിയതും ഇന്ത്യയാണ്. സ്മരണ വേണമെന്ന് രാഷ്ട്രങ്ങളോടു പറഞ്ഞിട്ടു കാര്യമില്ല. ഭരണംമാറുമ്പോൾ നയങ്ങളും മാറും.
ഇന്ത്യ പണിതുകൊടുത്ത ഇന്ദിരാഗാന്ധി സ്മാരക ആശുപത്രിയാണ് രാജ്യത്തെ ചികിൽസയുടെ ആധാരം. ഇത് ആരോഗ്യരംഗത്താണെങ്കിൽ സുരക്ഷയിലേക്കു തന്നെ വരാം. The National College of Policing and Law Enforcement എന്ന മാലിദ്വീപിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്ന് ഇന്ത്യയാണ് പണിതു നൽകിയത്. സമീപകാലത്തു പൂർത്തിയാക്കിയ ഇതാണ് മാലദ്വീപിലെ പൊലീസ് അക്കാദമി. ആ വലിയ കെട്ടിടത്തിലെന്പാടും ദുരൂഹതകൾ ഉണ്ടെന്ന് ആരോപിച്ചാണ് മാലിദ്വീപിൽ പ്രതിപക്ഷം കളംപിടിച്ചത്. ഇന്ത്യയുടെ റോ ഉദ്യോഗസ്ഥർ താവളമാക്കിയെന്ന പ്രചാരണത്തിൻറെ ഓളത്തിലാണ് പ്രസിഡൻറ് മുഹമ്മദ് മൂയിസു അധികാരത്തിലെത്തിയത്. കുഴപ്പം ഇതിൽ മാത്രമല്ല.
ഉത്തുരു തിലാ ഫാൽഹു ദ്വീപിൽ ഇന്ത്യ തുറമുഖം നിർമിക്കുന്നുണ്ടായിരുന്നു. ആ തുറമുഖം മാലിദ്വീപിനെ ഇന്ത്യയുടെ അടിമയാക്കും എന്ന പ്രാചാരണം കൂടിയാണ് പ്രസിഡൻറിനെ അധികാരത്തിലെത്തിച്ചത്. അതിനുള്ള നന്ദിപ്രകടനമാണ് പ്രസിഡൻറ് ഇപ്പോൾ നടത്തുന്നത്. ഇന്ത്യയുടെ സഹായം ആവോളം വാങ്ങുമ്പോഴും ചൈന സമാന്തരമായി പാലമിടുന്നുണ്ടായിരുന്നു മാലിദ്വീപിലേക്ക്. ശ്രീലങ്കയ്ക്ക് നൽകിയതുപോലെ സഹസ്ര കോടികളുടെ വായ്പയാണ് വാഗ്ദാനം ചെയ്യുന്നത്. ആ വഴിയിലേക്കാണ് പുതിയ പ്രസിഡൻറ് മാലിദ്വീപിനെ കൊണ്ടുപോകുന്നത്. ഇന്ത്യയുടെ തെക്ക് ശ്രീലങ്കയിലും മാലിദ്വീപിലും നങ്കൂരമിടാൻ ഒരുങ്ങുന്ന ചൈനയാണ് ഇവിടെ അണിയറയിൽ തെളിഞ്ഞുവരുന്നത്.
മുറിച്ചെറിയാൻ ഒരുങ്ങുന്നത് ഭാഷകൊണ്ടു കോർത്തിണക്കിയ ഒരു ബന്ധത്തെയാണ്. മലയാളവും തമിഴും തെലുങ്കും കന്നഡയും പോലെ പാലിയിൽ നിന്നും സംസ്കൃതത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്നതാണ് മാലിദ്വീപിൻറെ ഭാഷയായ ധിവേഹി. ഹിന്ദുസ്ഥാനിയാണ് അവിടെ സംഗീതഅടിത്തറ. ഹിന്ദി സിനിമകളാണ് ജനതയുടെ വിനോദവിസ്മയങ്ങൾ. മരുന്നിനു മാത്രമല്ല, പഠിക്കാനും ജോലിക്കും ഇന്ത്യയാണ് ആശ്രയം. ദ്വീപിൽ എത്തുന്ന ഏറ്റവും കൂടുതൽ സഞ്ചാരികളും ഇന്ത്യയിൽ നിന്നാണ്. എത്ര തീവ്രമായി വിചാരിച്ചാലും മാലിദ്വീപിന് മുറിച്ചെറിയാൻ കഴിയുന്നതല്ല കോർത്തിണക്കപ്പെട്ട ഈ സാംസ്കാരിക ബന്ധം. അതുമുറിച്ച് മാലിദ്വീപ് നീങ്ങിയാലോ? പിന്നെ ഒട്ടും ശാന്തമായിരിക്കില്ല ഇന്ത്യൻ മഹാസമുദ്രവും ഈ അറബിക്കടലും.