World

യുദ്ധത്തിനെതിരെ ജനം തെരുവിൽ; മോസ്കോയിൽ പ്രതിഷേധം

യുക്രൈൻ അധിനിവേശത്തെ അപലപിച്ച് റഷ്യയിലുള്‍പ്പെടെ പ്രതിഷേധം. തലസ്ഥാനമായ മോസ്കോയിലും മറ്റ് റഷ്യന്‍ നഗരങ്ങളിലും യുദ്ധവിരുദ്ധ പ്രകടനങ്ങളുമായി ജനം തെരുവിലിറങ്ങി. ടോക്കിയോ മുതൽ ടെൽ അവീവ്, ന്യൂയോർക്ക് വരെയുള്ള നഗരങ്ങളിലെ റഷ്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധക്കാർ അണിനിരന്നു. റഷ്യയിലെ 54 നഗരങ്ങളിലായി 1,745 പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ 957 അറസ്റ്റും മോസ്കോയിൽ നിന്നാണ്.

സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലും മോസ്‌കോയിലുമാണ് ഏറ്റവുമധികം യുദ്ധ വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നത്. സംഘടിതമായി നടന്ന പ്രതിഷേധങ്ങളെയെല്ലാം ഭരണകൂടം വളരെ വേഗം അടിച്ചമര്‍ത്തി സമര നേതാക്കളെ ജയിലിലാക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചും ഭരണകൂടത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ റഷ്യന്‍ ജനത ഉന്നയിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരും ശാസ്ത്രജ്ഞരും മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന വലിയ കൂട്ടം ആളുകളാണ് യുദ്ധവിരുദ്ധ ചേരിയില്‍ അണിനിരന്നിരിക്കുന്നത്.

അതേസമയം, അഞ്ച് റഷ്യൻ ബാങ്കുകൾക്കും നൂറ് റഷ്യന്‍ ശതകോടീശ്വരന്മാര്‍ക്കും ഉപരോധം ഏർപ്പെടുത്തി ബ്രിട്ടന്‍. റഷ്യയ്ക്കെതിരായ സാമ്പത്തിക-നയതന്ത്ര ഉപരോധത്തിന്റെ ആദ്യപടിയാണിത്. കൂടുതൽ കനത്ത നടപടികൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ വ്യക്തമാക്കി. റഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ എയറോഫ്ലോട്ടിന്റെ വിമാനങ്ങൾക്ക് ബ്രിട്ടണിൽ ലാൻഡ് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.