World

945 ദിവസത്തിന് ശേഷം ഹോങ്കോങ്ങിൽ മാസ്ക് ഒഴിവാക്കി

മാർച്ച് 1 മുതൽ ഹോങ്കോങ്ങിന്റെ കൊവിഡ് -19 മാസ്ക് മാൻഡേറ്റ് റദ്ദാക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ജോൺ ലീ പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ നീണ്ടുനിന്ന മാസ്‌ക് മാൻഡേറ്റുകളിൽ ഒന്നിന് അവസാനമാകുകയാണ്. 945 ദിവസങ്ങൾക്ക് ശേഷമാണ് ഹോങ്കോങ്ങിൽ മാസ്ക് നിർത്തലാക്കുന്നത് എന്ന് ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പറയുന്നു. രാജ്യത്തേക്ക് സന്ദർശകരെയും ബിസിനസുകാരെയും തിരിച്ചുകൊണ്ടുവരാനും സാധാരണ ജീവിതം പുനഃസ്ഥാപിക്കാനുമാണ് സർക്കാർ നീക്കം. ( Hong Kong scraps mask mandate )

മാർച്ച് 1 മുതൽ നടപടി പ്രാബല്യത്തിൽ വരുമെന്ന് ജോൺ ലീ പറഞ്ഞു, “നാളെ മുതൽ ഞങ്ങൾ പൂർണ്ണമായും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.” എന്നാണ് അദ്ദേഹം പറഞ്ഞത്. കൊവിഡ് മഹാമാരിയിൽ പുറകോട്ട് പോയ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുവരാനും വിനോദസഞ്ചാരികളെയും ബിസിനസുകളെയും തിരികെ കൊണ്ടുവരുന്നതിനായി സർക്കാർ “ഹലോ ഹോങ്കോംഗ്” എന്ന പേരിൽ ഒരു കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ ഇപ്പോഴും മാസ്‌ക് നിർബന്ധമാക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഹോങ്കോംഗ്. ആശുപത്രികൾ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളിലെ അഡ്മിനിസ്ട്രേറ്റർക്ക് ജീവനക്കാരും സന്ദർശകരും മാസ്ക് ധരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുമെന്ന് ജോൺ ലീ പറഞ്ഞു. ചൈനയിലെ മെയിൻലാൻഡിൽ ആളുകൾക്ക് ഇനി മാസ്ക് ധരിക്കേണ്ടതില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു, എന്നാൽ വിമാനത്താവളങ്ങളും ട്രെയിൻ സ്റ്റേഷനുകളും പോലുള്ള പൊതു ഇൻഡോർ ഏരിയകളിൽ മാസ്ക് ധരിക്കണം.