National World

കേന്ദ്ര സര്‍ക്കാര്‍ 12 ലക്ഷം കോടി രൂപ കടമെടുക്കും

കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കടമെടുക്കുന്ന തുക കുത്തനെ വര്‍ധിച്ചിരിക്കുകയാണ്…

2021 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ 12 ലക്ഷം കോടിരൂപ(160 ബില്യണ്‍ ഡോളര്‍) കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. നേരത്തെ 7.8 ലക്ഷം കോടി കടമെടുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. കോവിഡിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തുക കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് റിസര്‍വ് ബാങ്കും സര്‍ക്കാരും പുറത്തുവിട്ട പ്രത്യേകം വാര്‍ത്താക്കുറിപ്പുകളില്‍ വ്യക്തമാക്കുന്നു.

ഓരോ ആഴ്ച്ചയും കടപത്രങ്ങള്‍ വഴി 30000 കോടി സമാഹരിക്കാനാണ് പദ്ധതി. മാര്‍ച്ചില്‍ 19000 കോടി മുതല്‍ 20000 കോടി വരെ സമാഹരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് അഭിമുഖീകരിക്കേണ്ടി വരുന്ന വരുമാന നഷ്ടം കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ കടമെടുക്കുന്ന തുക കുത്തനെ വര്‍ധിപ്പിച്ചതെന്ന്് ഐ.സി.ആര്‍.എയിലെ ധനകാര്യ വിദഗ്ധ അതിഥി സൂചിപ്പിച്ചു.

നടപ്പു സാമ്പത്തികവര്‍ഷത്തില്‍ അമേരിക്കന്‍ റേറ്റിങ് ഏജന്‍സിയായ മൂഡി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പൂജ്യമാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എട്ട് ആഴ്ച്ച നീണ്ടു നിന്ന ലോക്ഡൗണിനെ തുടര്‍ന്ന് സമ്പദ്‌വ്യവസ്ഥക്ക് ഏല്‍ക്കുന്ന പ്രത്യാഖാതം വലുതാണെന്നും മുന്നറിയിപ്പുണ്ട്.