സാഹസികത ഇഷ്ടപ്പെടുന്നവരെ കണ്ണീരിലാഴ്ത്തുകയാണ് ദുബൈ ജെറ്റ്മാൻ പൈലറ്റ് വിൻസെ റഫേറ്റിന്റെ വിയോഗം. ദുബൈ കിരീടാവാകാശി ഉൾപ്പെടെയുള്ളവർ ആ ദുഃഖം പങ്കുവെച്ചു. ഇന്നലെ പരിശീലനത്തിടെ അപകടത്തിലാണ് ഫ്രഞ്ച് യുവ പൈലറ്റ് വിൻസെ റഫേറ്റ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹ്യൂമൻ ഫ്ളൈറ്റ് മിഷന്റെ ഭാഗമായി നിലത്തുനിന്ന് സ്വയം പൊങ്ങി സ്വയം നിയന്ത്രിച്ചു പറക്കാനുള്ള ശ്രമങ്ങളുടെ ആദ്യഘട്ടം ഈ സാഹസികൻ വിജയകരമായി പൂർത്തിയാക്കിയത്. ബുർജ് ഖലീഫക്ക് മുകളിൽ നിന്ന് കാർബൺ ചിറകുകൾ ഘടിപ്പിച്ച് പറന്നും, വിമാനത്തിന് ഒപ്പം പറന്നും ചരിത്രം തീർത്തവൻ. ഇൻസ്റ്റഗ്രമിൽ ഈ ചിത്രം പങ്കുവെച്ച ദുബൈ കിരീടാവാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽമക്തൂം “വീ വിൽ മിസ് യു” എന്ന് കുറിച്ചിട്ടു.
ജെറ്റ്മാന് ചിറക് നൽകുന്ന ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ച മലയാളി എയറോനോട്ടിക്കൽ എഞ്ചീനിയർ കോഴിക്കോട് മുഹമ്മദ് റാശിദ് വിയോഗത്തോട് പ്രതികരിക്കാൻ പോലും കഴിയാത്ത വേദനയിലാണ്. സഹോദരനാണ് വിട പറഞ്ഞത്. അവൻ ഇപ്പോഴും കൂടെയുണ്ട് എന്ന തോന്നലിലാണ് താൻ. എന്തെങ്കിലും പറയാൻ പോലും അശക്തനാണ് താനെന്ന് റാശിദ് മീഡിയവണിന് അയച്ച എസ്.എം.എസിൽ കുറിച്ചു.