ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ പർവതത്തിൽ വീണ്ടും കാട്ടുതീ. വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാണെന്ന് ടാൻസാനിയൻ അധികൃതർ അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും കാട്ടുതീ പടരുന്നത്. ഇതുവരെ ആളപായമോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാശനഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് ടാൻസാനിയൻ അധികൃതർ പ്രതികരിച്ചിട്ടില്ല.
പ്രസിദ്ധമായ കൊടുമുടിയുടെ തെക്ക് ഭാഗത്ത് പർവതാരോഹകർ ഉപയോഗിക്കുന്ന ‘കരംഗ സൈറ്റിന്’ സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് തീപിടുത്തം ആരംഭിച്ചത്. ശക്തമായ കാറ്റ് തീ ആളിപ്പടരാൻ ഇടയാക്കി. തീ അതിവേഗം വ്യാപിച്ചു. 2 ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ 400 പേരടങ്ങുന്ന സംഘം ഞായറാഴ്ചയോടെ തീയണച്ചു.
എന്നാൽ നിയന്ത്രണത്തിലായിരുന്ന മൂന്ന് സ്ഥലങ്ങളിൽ രാത്രി വീണ്ടും തീപിടിത്തമുണ്ടായതായി പ്രകൃതിവിഭവ, ടൂറിസം മന്ത്രാലയത്തിലെ സ്ഥിരം സെക്രട്ടറി എലിയാമണി സെഡോയേക പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എലിയാമണി കൂട്ടിച്ചേർത്തു. തീ അണയ്ക്കുന്നതിൽ നല്ല പുരോഗതി കാണുന്നുവെന്നും കാലാവസ്ഥയിൽ മാറ്റം വന്നില്ലെങ്കിൽ ഉടൻ തന്നെ സ്ഥിതിഗതികൾ നിയന്ത്രിക്കുമെന്നും സെഡോയേക വ്യക്താക്കി.