World

കീവില്‍ ഇന്ന് രാവിലെ മുതല്‍ അമ്പതോളം സ്‌ഫോടനങ്ങള്‍

യുക്രൈനെതിരായ ആക്രമണം കടുപ്പിച്ച് റഷ്യ. കീവില്‍ ഇന്ന് രാവിലെ മുതല്‍ അമ്പതോളം സ്‌ഫോടനങ്ങളുണ്ടായി. കനത്ത വെടിവെയ്പുമുണ്ട്. അതേസമയം, തങ്ങള്‍ ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തുന്നതെന്ന് യുക്രൈന്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം, യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

യുക്രൈനിന്റെ തലസ്ഥാനമായ കീവില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. രാവിലെ മുതല്‍ സ്‌ഫോടനങ്ങളും വെടിവെയ്പുകളും കീവിന്റെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ചു. റഷ്യന്‍ സൈന്യം ഒഡേസ തുറമുഖത്ത് മാള്‍ഡോവ, പാനമ കപ്പലുകള്‍ തകര്‍ത്തു. കീവിലെ താപവൈദ്യുത നിലയം ആക്രമിച്ച സൈന്യം ഒരു മെട്രൊ സ്റ്റേഷന്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു. കീവ് വിമാനത്താവളത്തിന് സമീപം മിസൈല്‍ ആക്രമണമുണ്ടായതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തന്ത്രപ്രധാന നഗരമായ മെലിറ്റോപോള്‍ പിടിച്ചടക്കിയതായി റഷ്യന്‍ സൈന്യം അറിയിച്ചു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ തുടരെത്തുടരെ സ്‌ഫോടനങ്ങള്‍ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കീവിന്റെ തെക്കുകിഴക്കന്‍ മേഖലകളിലും രൂക്ഷമായ ആക്രമണങ്ങള്‍ നടക്കുകയാണ്. കീവിലെ ഒരു സൈനിക കേന്ദ്രവും റഷ്യന്‍ സൈന്യം ആക്രമിച്ചു. തീരദേശ പട്ടണങ്ങളിലെല്ലാം മിസൈല്‍ ആക്രമണമുണ്ടായിട്ടുണ്ട്. കരമാര്‍ഗമുള്ള ആക്രമണം കുറച്ച് വ്യോമാക്രമണം ശക്തിപ്പെടുത്തുകയാണ് റഷ്യ ചെയ്തിരിക്കുന്നത്. ഫൈറ്റര്‍ ജെറ്റുകള്‍ വഴി തന്ത്രപ്രധാന മേഖലകളില്‍ ബോംബ് വര്‍ഷിക്കുകയാണ്. എന്നാല്‍ ശക്തമായ പ്രതിരോധമാണ് നടത്തുന്നതെന്ന് യുക്രൈന്‍ സൈന്യം അറിയിച്ചു. നാറ്റോ കൂടുതല്‍ ആയുധങ്ങള്‍ യുക്രൈനിന് നല്‍കുമെന്ന സൂചന ലഭിക്കുന്നുണ്ട്.

രാത്രിസമയത്തായിരിക്കും തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ റഷ്യ ശ്രമിക്കുകയെന്നും രാജ്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട നിര്‍ണായകദിനമായിരിക്കും ഇതെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. തലസ്ഥാനം നഷ്ടപ്പെടുത്താനാവില്ലെന്നും എല്ലാവരും ഒരുമിച്ച് പോരാടണമെന്നും സെലെന്‍സ്‌കി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഞങ്ങളെല്ലാം കീവില്‍ തന്നെയുണ്ടെന്നും ഒരുമിച്ച് പോരാടാമെന്നും വ്‌ളാഡിമിര്‍ സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

അതേസമയം, റഷ്യയുടെ സ്വകാര്യ വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വ്യോമപാത നിരോധിച്ചു. റഷ്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത പോളണ്ടും ചെക്ക് റിപ്പബ്ലിക്കും അടച്ചു. റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടു. സമാധാനശ്രമങ്ങള്‍ ഒരിക്കലും അവസാനിപ്പിക്കരുതെന്നും വിജയം കാണുംവരെ തുടരണമെന്നും ഗുട്ടെറസ് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. അമ്പത് ലക്ഷത്തോളം യുക്രൈന്‍കാര്‍ പലായനം ചെയ്‌തേക്കാമെന്നാണ് യു.എന്നിന്റെ കണക്ക്.