ട്വിറ്ററിൽ വർക്ക് ഫ്രം ഹോം നിർത്തലാക്കി സിഐഎഒ ഇലോൺ മസ്ക്. ഓഫീസിലേക്ക് വരുന്നില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു എന്നാണ് മസ്ക് ട്വിറ്റർ ജീവനക്കാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ പറഞ്ഞത്. ജീവനക്കാർ കഠിനാധ്വാനം ചെയ്യണം. ഉടൻ കൂടുതൽ പണം സമാഹരിച്ചില്ലെങ്കിൽ കമ്പനി പാപ്പരാവുമെന്നും അദ്ദേഹം പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ ചില മുതിർന്ന ജീവനക്കാർ രാജിവച്ചു എന്നാണ് വിവരം. മസ്കിൻ്റെ പുതിയ ലീഡർഷിപ്പ് ടീമിൽ പെട്ട യോൽ റോത്ത്, റോബിൻ വീലർ എന്നിവർ കമ്പനി വിട്ടു.
അതേസമയം, ഇന്ത്യയിൽ പെയ്ഡ് വേരിഫിക്കേഷൻ അവതരിപ്പിച്ചു. മറ്റ് രാജ്യങ്ങളിൽ എട്ട് ഡോളർ അഥവാ 645.68 രൂപയ്ക്ക് വേരിഫിക്കേഷൻ ലഭ്യമാക്കുമ്പോൾ ഇന്ത്യയിൽ തുക അൽപം കൂടും. ഇന്ത്യയിൽ 719 രൂപയാണ് നീല ശരി ചിഹ്നത്തിനായി നൽകേണ്ടത്.
ഇന്ത്യയിലെ ചില ഉപഭോക്താക്കൾക്ക് ഇതിനോടകം തന്നെ വേരിഫിക്കേഷൻ ചിഹ്നം നൽകുന്ന ‘ട്വിറ്റർ ബ്ലൂ’ സർവീസ് സബ്‌സ്‌ക്രൈബ് ചെയ്യണമെന്ന ഇ-മെയിൽ സന്ദേശം ലഭിച്ചുകഴിഞ്ഞുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വേരിഫിക്കേഷൻ ഇല്ലാതെ തന്നെ ശരി ചിഹ്നം ലഭിക്കും. ഇത്തരം ഉപഭോക്താക്കൾക്ക് ട്വിറ്ററിൽ താരതമ്യേന കൂടുതൽ റീച്ചും ലഭിക്കും.
ഇലോൺ മസ്‌ക് തലപ്പത്ത് വന്നതിൽ പിന്നെ വ്യാപക അഴിച്ചുപണിയാണ് ട്വിറ്റർ ആസ്ഥാനത്ത് നടക്കുന്നത്. നേതൃനിരയിൽ നിന്ന നിരവധി പേരെ പിരിച്ചുവിട്ടു. ഇക്കൂട്ടത്തിൽ ട്വിറ്ററിന്റെ സിഇഒ ആയിരുന്ന ഇന്ത്യൻ സ്വദേശി പരാഗ അഗർവാളും ലീഗൽ എക്‌സിക്യൂട്ടിവ് വിജയ് ഗദ്ദെയും ഉൾപ്പെടും. ഇന്ത്യയിൽ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റർ പിരിച്ചുവിട്ടത്.