രണ്ട് ഈജിപ്ഷ്യൻ സ്വദേശികൾ ഷാർജയിലെ വ്യവസായ മേഖലയിൽ വെച്ച് കുത്തേറ്റുമരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ സ്വദേശിയായ പ്രതിയെയും പൊലീസ് പിടികൂടി. സംഘട്ടനത്തിനിടയിൽ കുത്തേറ്റ ഏഷ്യൻ വംശജൻ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം നടന്നത്.
പരുക്കേറ്റ ഏഷ്യൻ വംശജനാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്. ഉറങ്ങുകയായിരുന്ന ഈജിപ്ഷ്യൻ സ്വദേശികളെ പ്രതി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തെളിവുകൾ ശേഖരിക്കുന്നതിനായി പൊലീസ് സാക്ഷികളെ ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
കേസ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറിയിട്ടുണ്ട്. കുറ്റകൃത്യം റിപ്പോർട്ട് ചെയ്ത ഉടൻതന്നെ പൊലീസ് സംഭവ സ്ഥലത്തെത്തുകയും അതിവേഗത്തിൽ പ്രതിയെ പിടികൂടുകയും ചെയ്യുകയായിരുന്നു.