ഗതാഗതം ഏറ്റവും സുഗമമായ ലോകനഗരങ്ങളുടെ പട്ടികയിൽ ദുബായിയും. ആദ്യ പത്തിലാണ് ദുബായ് ഉൾപ്പെട്ടിരിക്കുന്നത്. 56 ലോക രാജ്യങ്ങളിലെ 390 നഗരങ്ങളിൽ നടത്തിയ പഠനത്തിലാണ് ദുബായ് മുന്നിലെത്തിയത്. ദുബായിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ 10 കിലോമീറ്റർ ദൂരം പിന്നിടാൻ 12 മിനിറ്റ് മതി. 10 കിലോമീറ്ററിനു പ്രധാന നഗരങ്ങളിലെ ശരാശരി വേഗം 21 മിനിറ്റായിരിക്കെയാണ് ദുബായുടെ ഈ നേട്ടം സ്വന്തമാക്കിയത്.
ദുബായിയുടെ കൂടെ റാങ്ക് പങ്കിടുന്ന മറ്റു രാജ്യങ്ങളാണ് ലോസാഞ്ചലസ്, മോൺട്രിയോൾ, സിഡ്നി, ബർലിൻ, റോം, മിലൻ എന്നിവ. രാജ്യാന്തര തലത്തിൽ ഗതാഗത മേഖലയിലെ നേട്ടങ്ങൾ വിലയിരുത്തുന്ന ടോംടോമാണ് ഈ റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് നെതർലൻഡ്സിലെ അൽമേറെയാണ്. ഇവിടെ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 8 മിനിറ്റ് മതി. ഇതിൽ ഏറ്റവും പിന്നിലുള്ള നഗരം ലണ്ടനാണ്. ഇവിടെ 10 കിലോമീറ്റർ താണ്ടാൻ 36 മിനിറ്റ് വേണം.
നഗര പ്രദേശങ്ങളിൽ മണിക്കൂറിൽ ശരാശരി 59 കി.മീ. വേഗത്തിൽ സഞ്ചരിച്ചാൽ ദുബായിൽ 10 കിലോമീറ്റർ താണ്ടാൻ 9 മിനിറ്റ് മതിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 12 വരി റോഡ് അടക്കം 18,475 കിലോമീറ്ററാണ് നിലവിലെ റോഡുകളുടെ നീളം. 90 കി.മീ നീളുന്ന മെട്രോയും 11 കി.മീ. സഞ്ചരിക്കുന്ന ട്രാമും ദുബായിൽ ഗതാഗതം എളുപ്പമാക്കി. ദുബായ് റോഡുകളിൽ 884 അടിപ്പാതകളും മേൽപാലങ്ങളുമുണ്ട്. കാൽനട യാത്രക്കാർക്കുള്ള പാലങ്ങളും അടിപ്പാതകളും 122 എണ്ണമായി വർധിച്ചു. ഇതെല്ലാമാണ് ദുബായിൽ ഗതാഗതം സുഗമമാകാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.