ബ്രസീലില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം142 ആയി. ജനുവരി 25നാണ് മലിനജലം സംഭരിച്ചു വച്ചിരുന്ന ഡാം പൊട്ടി തെറിച്ചത്. വന്‍ നാശനഷ്ടമാണ് അപകടത്തെ തുടര്‍ന്നു ഉണ്ടായിരിക്കുന്നത്.
ബ്രസിലിലെ ബ്രുമാധിനോയില്‍ സ്ഥിതി ചെയ്യുന്ന ഖനന മാലിന്യം സംഭരിച്ചിരുന്ന ഡാം കഴിഞ്ഞ മാസം 25നാണ് നിലംപൊത്തിയത്. ഡാമില്‍ നിന്നും കുത്തിയൊലിച്ച മലിനജലം പരിസര പ്രദേശത്തെ പൂര്‍ണമായും തുടച്ചുനീക്കി. കെട്ടിടങ്ങള്‍, വീടുകള്‍, കൃഷിയിടങ്ങള്‍ എന്നിവയെല്ലാം പൂര്‍ണമായും നാമവശേഷമായി.
ഡാമിന്റെ പരിസര പ്രദേശത്ത് താമസിച്ചിരുന്ന 192 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 142 പേരുടെ ജീവനുകള്‍ പൊലിഞ്ഞു. ഇതില്‍ 122 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധിയാളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
ഡാം തകര്‍ന്ന് ഒഴുകിയ മലിനജലം അടുത്തുള്ള നദിയിലേക്കാണ് എത്തിച്ചേര്‍ന്നത്. ദിവസങ്ങളോളം നദി ചുവന്നൊഴുകുകയും ചെയ്തു. അപകടം നടന്ന പ്രദേശത്തും പരിസരപ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ മഞ്ഞപിത്തം, ഡെങ്കിപനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വന്‍നാശം വിതച്ച അപകത്തിന് ശേഷം എല്ലാം പൂര്‍വ്വസ്ഥിതിയിലേക്കാക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് ദുരന്തനിവരണ വകുപ്പ്.