World

കോവിഡ് മുക്തരില്‍ എട്ടു മാസംവരെ ആന്‍റിബോഡി നിലനില്‍ക്കും- പഠനം

കോവിഡ് മുക്തരായവരില്‍ കുറഞ്ഞത് എട്ടു മാസംവരെ കൊറോണ വൈറസിനെതിരെയുള്ള ആന്‍റിബോഡി നിലനില്‍ക്കുമെന്ന് പഠനം. ഇറ്റലിയിലെ ഐ.എസ്.എസ് നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇറ്റലിയില്‍ കോവിഡ് ആദ്യ തരംഗത്തില്‍ രോഗം ബാധിച്ച 162 പേരെയാണ് പഠനവിധേയമാക്കിയത്. രോഗമുക്തരായ ഇവരില്‍ നിന്ന് മാര്‍ച്ച്, ഏപ്രില്‍, നവംബര്‍ മാസങ്ങളില്‍ ശേഖരിച്ച സാംപിളുകള്‍ ഉപയോഗിച്ച് വിവിധ ഘട്ടങ്ങളിലായാണ് പഠനം നടത്തിയത്.

എട്ടു മാസത്തിലധികം ഇടവേളയില്‍ സാംപിള്‍ പരിശോധിച്ചു. ഇക്കാലയളവില്‍ ആന്‍റിബോഡി സാന്നിധ്യത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 162 പേരില്‍ മൂന്നു പേര്‍ക്ക് ഈ കാലയളവിന് ശേഷം രോഗബാധ വീണ്ടും ഉണ്ടായതായി പഠനത്തില്‍ പറയുന്നു. കോവിഡ് രോഗമുക്തി നേടുന്നതില്‍ ആന്‍റിബോഡികള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും പഠന റിപ്പോർട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. രോഗബാധയേറ്റ് 15 ദിവസത്തിനുള്ളില്‍ ആന്‍റിബോഡി ഉത്പാദിപ്പിക്കപ്പെട്ടില്ലെങ്കില്‍ ഗുരുതരമായ അവസ്ഥകള്‍ ഉണ്ടായേക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് സയന്‍റിഫിക് ജേണലിലാണ് പ്രസ്തുത പഠനത്തിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.