International World

കോവിഡ് ജാഗ്രതയില്‍ നിന്ന് രാഷ്ട്രങ്ങള്‍ പിന്നോട്ട് പോകരുത്: വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് 19ത്തിന്‍റെ വ്യാപനം കൂടുതൽ സങ്കീർണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടാകുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

യൂറോപ്പിലെ സാഹചര്യം മെച്ചപ്പെടുന്നുണ്ടെങ്കിലും ആഗോള തലത്തിൽ സ്ഥിതി മോശം തന്നെയാണ്. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലും ഒരു ലക്ഷത്തിലധികം പേർക്ക് വീതം കോവിഡ് ബാധിച്ചു. കഴിഞ്ഞ ദിവസം 1,36,000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ഇത് റെക്കോർഡാണെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസ് പറഞ്ഞു. ഇതിൽ 75 ശതമാനം കേസുകളും 10 രാജ്യങ്ങളിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്‍റെ തോത് വര്‍ധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടർന്ന് വംശവെറിക്കെതിരായ പ്രക്ഷോഭം തുടരുന്ന അമേരിക്കയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സമരപരിപാടികളിൽ പങ്കെടുക്കേണ്ടതെന്നും സംഘടന നിർദേശിച്ചു.

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 71.93 ലക്ഷമായി ഉയര്‍ന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.08 ലക്ഷം കവിഞ്ഞു. യു.എസിൽ ഇതുവരെ 113,055 പേരാണ് മരിച്ചത്. ആകെ 2,026,493 പേർക്കാണ് യു.എസിൽ രോഗം ബാധിച്ചത്. കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായിരുന്ന ന്യൂയോര്‍ക്ക് നഗരത്തില്‍ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് 78 ദിവസങ്ങള്‍ നീണ്ട ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ഇന്നലെ മുതല്‍ നീക്കി. ന്യൂയോര്‍ക്ക് ഓഹരി വിപണിയും വലിയ മുന്നേറ്റം രേഖപ്പെടുത്തി. ബ്രസീലിലും റഷ്യയിലും കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്.