International World

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷത്തിലേക്ക്

ലോക്ക്ഡൌണ്‍ ജൂണ്‍ 1 വരെ നീട്ടിയെങ്കിലും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബ്രിട്ടണ്‍

ലോകത്ത് കോവിഡ് ബാധിതര്‍ നാല്പത്തിയൊന്ന് ലക്ഷത്തി എഴുപത്തി അറായിരം കടന്നു. മരണം രണ്ട് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തോടടുക്കുകയാണ്. ലോക്ക്ഡൌണ്‍ ജൂണ്‍ 1 വരെ നീട്ടിയെങ്കിലും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബ്രിട്ടണ്‍.

അമേരിക്ക, ബ്രിട്ടന്‍, റഷ്യ,ബ്രസീല്‍ എന്നിവിടങ്ങളില്‍ മരണനിരക്കും രോഗ വ്യാപനതോതും ക്രമാതീതമായി വര്‍ധിക്കുകയാണ്,, അമേരിക്കയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 720 പേര്‍ മരിച്ചു. ഇരുപതിനായിരത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ ഇന്നലെ 268 പേര്‍ മരിച്ചു, മരണസംഖ്യ മുപ്പത്തി രണ്ടായിരത്തോടടുക്കുന്നു. രോഗവ്യാപനത്തില്‍ ബ്രിട്ടനെ മറിക്കടക്കാനൊരുങ്ങുകയാണ് റഷ്യ. ഇവിടെ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ പതിനൊന്നായിരം കടന്നു.അമേരിക്ക കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ബ്രസീലില്‍ സ്ഥിതി അതി സങ്കീര്‍ണമാവുകയാണ്.

ആറായിരത്തിലധികം പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇക്വഡോറില്‍ കോവിഡ് ബാധിച്ച ഇന്നെല 410 പേര്‍ മരിച്ചു.രോഗവ്യാപന തോത് ക്രമാതിതമായി കൂടുമ്പോഴും ലോക്ക്ഡൌണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബ്രിട്ടണ്‍ .അടുത്ത മാസം സ്കൂളുകളടക്കം തുറക്കും. വര്‍ക്ക് അറ്റ് ഹോം നിര്‍ദേശവും പിന്‍വലിക്കുമെന്നാണ് സൂചന. എന്നാല്‍ ലോക്ക്ഡൌണ്‍ പിന്‍വലിച്ചാല്‍ ബ്രിട്ടണ്‍ ശവപ്പറമ്പായി മാറുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇറ്റലി , ഫ്രാന്‍സ് ,സ്പെയിന്‍ എന്നിവിടങ്ങളില്‍ മരണനിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും വൈറസ് വ്യാപനം പുര്‍ണമായും തടയാനായിട്ടില്ല.