ഓക്‌സ്‌ഫോര്‍ഡ് ബിരുദദാന ചടങ്ങിന്റെ വിഡിയോ പങ്കുവച്ചതിനെത്തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തിന്റെ ദുരനുഭവത്തെക്കുറിച്ചുള്ള ചൈനീസ് യുവതിയുടെ തുറന്നുപറച്ചില്‍ ചര്‍ച്ചയാകുന്നു. തന്റെ ഡിഗ്രി വ്യാജമാണെന്ന പേരില്‍ നടക്കുന്ന ആരോപണങ്ങള്‍ കള്ളമാണെന്ന വിശദീകരണമാണ് ശ്രദ്ധ നേടുന്നത്. വളരെ സ്‌റ്റൈലിഷായി വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ടും താന്‍ സുന്ദരിയായതുകൊണ്ടുമാണ് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതെന്ന് കേറ്റ് സു വെന്‍സി എന്ന യുവതി പറയുന്നു.
തന്നെക്കണ്ടാല്‍ ഒരു പഠിപ്പിസ്റ്റിനേയോ ടോപ്പറേയോ പോലെ തോന്നുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അക്കാദമിക് നേട്ടങ്ങള്‍ കള്ളമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണമുയരുന്നതെന്ന് സു പറയുന്നു. ഒരാള്‍ നന്നായി വസ്ത്രം ധരിച്ച് നന്നായി മേയ്ക്കപ്പിട്ട് സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയിലിട്ടാല്‍ അയാള്‍ പഠനത്തില്‍ മോശമായിരിക്കുമെന്ന ധാരണയാണ് മാറേണ്ടതെന്നും യുവതി സൗത്ത് ചൈന മോണിംഗ് പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലൂടെ വ്യക്തമാക്കി.
യുവതിയെ കണ്ടാല്‍ ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ത്ഥിയാണെന്ന് തോന്നില്ലെന്നും ആളുകളെ പറ്റിക്കുന്നതിന് പരിധിയില്ലേ എന്നുമൊക്കെയായിരുന്നു ബിരുദദാനചടങ്ങിന്റെ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റുകള്‍. തനിക്കെതിരായ ഇത്തരം തെറ്റായ ആരോപണങ്ങള്‍ കഴിഞ്ഞ ആറ് മാസത്തോളമായി തനിക്ക് വല്ലാതെ മനപ്രയാസമുണ്ടാക്കിയെന്ന് സു വെളിപ്പെടുത്തി. അപ്ലൈഡ് മാത്തമാറ്റിക്‌സില്‍ നിലവില്‍ സു ഗവേഷണം നടത്തിവരികയാണ്.