ബ്രിട്ടനിലെ വൈദ്യുതി ബില്ലുകള്‍ കുതിച്ചുയരുന്നു. വൈദ്യുതി ബില്ലുകളില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 80 ശതമാനം വര്‍ധനയുണ്ടാകുമെന്ന് രാജ്യത്തെ വൈദ്യുതി റെഗുലേറ്റര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 54 ശതമാനം വര്‍ധനയെന്ന നിലവിലെ റെക്കോര്‍ഡ് വിലവര്‍ധനവിനേയും മറികടന്നാണ് പുതിയ നീക്കം.
വില വര്‍ധനവ് യു കെയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ ശരാശരി ഉപഭോക്താവിന് പ്രതിവര്‍ഷം 2332 ഡോളര്‍ മുതല്‍ അധികമായി നല്‍കേണ്ട അവസ്ഥയുണ്ടാകും. പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ജനുവരിയില്‍ വീണ്ടും വൈദ്യുതി ബില്‍ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗ്യാസ് വിലയും റെക്കോര്‍ഡ് നിലയിലേക്ക് ഉയരുകയാണ്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലേക്ക് റഷ്യയില്‍ നിന്നും പൈപ്പ്‌ലൈന്‍ വഴി വ്യാപകമായി ഗ്യാസ് എത്തുന്നത് നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. യൂറോപ്പിലാകെ ഗ്യാസിന് ഡിമാന്റ് ഉയരുന്നതിനാല്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും ഗ്യാസ് വില റെക്കോര്‍ഡ് നിലയിലാണ്.