യുക്രൈന് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് കൂടിക്കാഴ്ച നടത്തും. യുക്രൈന് വിദേശകാര്യ മന്ത്രി ജദിമിത്രോ കുലേബ, പ്രതിരോധ മന്ത്രി ഒലെസ്കി റെസ്നികോവ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തുന്നത്. ബൈഡനൊപ്പം സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയുടെ ഭീഷണിയെ പ്രതിരോധിക്കാന്‍ ഊര്‍ജ ഉത്പാദക രാജ്യങ്ങളോട് എണ്ണയുടെയും വാതകങ്ങളുടെയും ഉത്പാദനം വര്‍ധിപ്പിക്കാന്‍ യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി ആവശ്യപ്പെട്ടു. ‘യൂറോപ്പിന്റെ ഭാവി നിങ്ങളിലാണുള്ളത്. റഷ്യക്കെതിരായി ഊര്‍ജോത്പാദനത്തെ ആയുധമാക്കിമാറ്റണം’. സെലന്‍സ്കി പറഞ്ഞു. യൂറോപിന്റെ സുസ്ഥിരതയ്ക്കായി സംഭാവന നല്കാന് ഖത്തറിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറില്‍ നടന്ന ദോഹ ഫോറത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു സെലന്‍സ്കി. യുക്രൈനെ കൂടാതെ സംഘര്‍ഷ ബാധ്യത രാജ്യങ്ങളായ യെമന്‍, അഫ്ഗാനിസ്ഥാന്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്. യുക്രൈനില്‍ നിന്നുള്ള ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതി യുദ്ധത്തോടെ ഇല്ലാതായതിലെ പ്രത്യാഘാതങ്ങളെക്കുറിച്ചും യുക്രൈന് പ്രസിഡന്റ് സൂചിപ്പിച്ചു.
അതിനിടെ റഷ്യ-യുക്രൈന് യുദ്ധപശ്ചാത്തലത്തില്‍ ജോ ബൈഡന് ഇന്നലെ പോളണ്ട് സന്ദര്‍ശിച്ചു. യുദ്ധം വിലയിരുത്തുന്നതിനായി ബൈഡന് പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. പോളണ്ടിലെ അഭയാര്‍ഥി പ്രശ്നം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് രണ്ട് മില്യണിലധികം അഭയാര്‍ഥികള്‍ പോളണ്ടിലെത്തിയതായി ഹ്യൂമാനിറ്റേറിയന്‍ വിദഗ്ധര്‍ അമേരിക്കന്‍ പ്രസിഡന്റിനോട് വ്യക്തമാക്കി.