വെറോനിക്ക ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആസ്ട്രേലിയയുടെ വടക്ക് പടിഞ്ഞാറന്‍ തീരമേഖല ജാഗ്രതയില്‍. നേരത്തെ വടക്കന്‍ തീരമേഖലയില്‍ കനത്ത നാശനഷ്ടം വിതച്ച ട്രെവര്‍ ചുഴലിക്കാറ്റിന് തൊട്ടുപിന്നാലെയാണ് വെറോനിക്ക തീരം തൊടാന്‍ ഒരുങ്ങുന്നത്.
48 മണിക്കൂറിനകം രണ്ട് ചുഴലിക്കാറ്റുകളെ നേരിടുകയാണ് ആസ്ട്രേലിയയുടെ വടക്കന്‍ തീരമേഖല. ഇത്തരമൊരു സാഹചര്യം അപൂര്‍വമാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.
പ്രദേശത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. പ്രദേശവാസികള്‍ വീട്ടിന് പുറത്തേക്കിറങ്ങരുതെന്ന നിര്‍ദ്ദേശം പ്രാദേശിക ഭരണകൂടം നല്‍കിയിട്ടുണ്ട്. കരയില്‍ നിന്നും 95 കിലോമീറ്റര്‍ ദൂരെ എത്തിയ വെറോനിക്ക ചുഴലിക്കാറ്റ് താമസിയാതെ തീരം തൊടും. കനത്ത മഴയെതുടര്‍ന്ന് പടിഞ്ഞാറന്‍ ആസ്ട്രേലിയ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച തീരത്തെത്തിയ കാറ്റഗറി നാലില്‍ പെടുന്ന ട്രവര്‍ ചുഴലിക്കാറ്റ് നന്പര്‍വാല്‍ ബറോല പ്രദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. രാജ്യത്തെ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ചുഴലിക്കാറ്റ് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. മരങ്ങള്‍ വ്യാപകമായി കടപുഴകിയതിനാല്‍ വൈദ്യുതി വിതരണം പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ട്രവര്‍ ചുഴലിക്കാറ്റിന് സമാനമായി വെറോനിക്കയെയും കാറ്റഗറി 4 ല്‍ ആണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് ദുര്‍ബലപ്പെടുകയായിരുന്നു