ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനക്കൂട്ടം മന്ത്രിമാരുടെയും എംപിമാരുടെയും സ്ഥാപനങ്ങളും വീടുകളും വളയുകയാണ്. മുന്‍മന്ത്രി റോഷന് രണസിംഗയുടെ വീട് ജനക്കൂട്ടം അടിച്ചുതകര്‍ത്തു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണിയിലേക്ക് യുവാക്കളെത്തിയതോടെ കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ് സര്‍ക്കാര്‍.
1948ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇത്രശക്തമായ പ്രതിഷേധം യുവാക്കള്‍ ശ്രീലങ്കയില്‍ നടത്തിയിട്ടില്ല. രാജ്യത്തെ എല്ലാ തെരുവുകളും യുവാക്കള്‍ ഇന്നലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനായി കയ്യടക്കി. ശക്തമായ നിയന്ത്രണങ്ങളെ ഭേദിച്ചാണ് യുവാക്കള്‍ സ്വാതന്ത്ര്യ സമര സ്മാരകത്തില്‍ എത്തിച്ചേര്‍ന്നത്.
രാജ്യത്ത് നിലവിലുള്ള സംവിധാനം പൂര്‍ണമായും മാറ്റണമെന്ന ആവശ്യത്തില്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമായതിനിടെ മന്ത്രിമാരെ മാറ്റി മുഖം രക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ കടുത്ത പ്രതിഷേധത്തിലായിരിക്കുകയാണ്. പ്രസിഡന്റ് ഗോതബയ രാജപക്സെയെയും അദ്ദേഹത്തിന്റെ ജ്യേഷ്ഠന് പ്രധാനമന്ത്രി മഹിന്ദ രാജപക്സെയെയും ഒഴികെയുള്ള 26 മന്ത്രിമാരാണ് രാജിവച്ചത്.