തെക്കൻ റഷ്യയിലെ വിമാനത്താവളങ്ങൾ മാർച്ച് മൂന്നുവരെ അടച്ചു. രാജ്യത്തെ പ്രധാനപ്പെട്ട 11 വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. റൊസ്‌തോവ്,ക്രസ്‌നൊദാർ, എനാപ, ഗെലൻഷിക്, എലിസ്റ്റ, സ്റ്റോവ്‌റോപോൾ, ബെൽഗോറോഡ്, ബ്രയാൻസ്‌ക്, ക്രിസ്‌ക്, വൊറോനെഷ്, സിംഫെറോപോൾ എന്നിവയാണ് അടച്ചിട്ടത്.
അതേസമയം യുക്രൈനില്‍ പട്ടാള നിയമം നിലവില്‍ വന്നു. ആയുധങ്ങള്‍ കൈവശമുള്ളവര്‍ക്ക് സൈന്യത്തിന്റെ ഭാഗമാകണമെന്ന് യുക്രൈന്‍ പ്രസിഡന്റ് ഉത്തരവിട്ടു. യുക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രൈന്‍. യുക്രൈന്റെ സൈന്യവും റഷ്യയ്ക്കെതിരെ ചടുലമായ നീക്കമാണ് നടത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിന് വേണ്ടി ആയുധങ്ങള്‍ കൈവശമുള്ള ഏതൊരു വ്യക്തിയ്ക്കും രാജ്യത്തിന്റെ ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സില്‍ ചേരാമെന്നാണ് പ്രതിരോധ മന്ത്രി ഒലക്സി റെസ്നികോവും വ്യക്തമാക്കി.
യുക്രൈന്‍ സായുധ സേനയുടെ കരുതല്‍ സൈന്യമാണ് ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സ്. ഇതില്‍ സൈനികര്‍ക്കും അതേപോലെ സാധാരണക്കാര്‍ക്കും അംഗമാകാന്‍ സാധിക്കും. യുക്രൈന്റെ പ്രധാന സൈന്യത്തിന് ചില അവശ്യഘട്ടങ്ങളില്‍ സേവനം നല്‍കുക എന്നതാണ് ഇവരുടെ പ്രധാന കര്‍ത്തവ്യം. നിലവില്‍ രാജ്യത്തെ സങ്കീര്‍ണ സാഹചര്യം പരിഗണിച്ചാണ് പ്രതിരോധ മന്ത്രി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.