World

അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സൈനികരെ പിന്‍വലിച്ച നടപടി വലിയ പിഴവാണെന്ന് ജോര്‍ജ് ബുഷ്

അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ്-നാറ്റോ സൈനികരെ പിന്‍വലിച്ച നടപടി വലിയ പിഴവാണെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്. താലിബാന്റെ ക്രൂരതയ്ക്ക് അഫ്ഗാന്‍ ജനതയെ വിട്ടുകൊടുക്കുകയാണെന്ന് ജോര്‍ജ് ബുഷ് ടെലിവിഷന്‍ പരിപാടിക്കിടെ ആരോപിച്ചു. വിശദീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള അക്രമങ്ങളിലൂടെയാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും പെണ്‍കുട്ടികളും കടന്നുപോവുന്നത്.

താലിബാന്റെ അതിക്രൂരമായ പീഡനങ്ങള്‍ക്കാണ് അവര്‍ ഇരയാവുന്നത്. അത് എന്റെ ഹൃദയം തകര്‍ക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യു.എസ്സിന്റെ സൈനിക പിന്മാറ്റം തെറ്റായ തീരുമാനമായിരുന്നു-ജോര്‍ജ് ബുഷ് പറഞ്ഞു. ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്ററിലുണ്ടായ അൽ ഖ്വയ്ദ ആക്രമണത്തിനു പിന്നാലെ ഭീകാരാക്രമണത്തിന്റെ സൂത്രധാരനെന്നാരോപിച്ച് ഉസാമ ബിന്‍ ലാദനെ പിടിക്കാനായാണ് 2001ല്‍ ജോര്‍ജ് ബുഷ് അഫ്ഗാനിസ്ഥാനിലേക്ക് യുഎസ് സൈന്യത്തെ വിന്യസിച്ചത്. 2,500 യു.എസ്​ സൈനികരാണ്​ നിലവിൽ അഫ്​ഗാനിസ്​താനിലുള്ളത്​.

7,000 മറ്റു വിദേശ സൈനികരുമുണ്ട്​. അമേരിക്ക പിൻവലിക്കുന്നതിനൊപ്പം നാറ്റോ സഖ്യകക്ഷികളും സൈനികരെ പിൻവലിക്കും. മേയ്​ ഒന്നിന്​ പുതിയ പിന്മാറ്റം ആരംഭിക്കും. താലിബാനുമായി കഴിഞ്ഞ വർഷം ട്രംപ്​ ഭരണകൂടം എത്തിയ ധാരണയുടെ അടിസ്​ഥാനത്തിലാണിത്​. പിന്മാറ്റം പൂർത്തിയാകുന്നതോടെ അഫ്​ഗാനിസ്​താനിലെ യു.എസ്​ എംബസിക്കു മാത്രമാകും സുരക്ഷാ സൈനികർ കാവലുണ്ടാകുക.

2001ലെ സെപ്​റ്റംബർ 11 ആക്രമണത്തോടെ ആരംഭിച്ച യു.എസ്​ സൈനിക സാന്നിധ്യ കാലത്ത്​ എട്ടു ലക്ഷം സൈനികർ മാറിമാറി സേവനമനുഷ്​ഠിച്ചിട്ടുണ്ടെന്നാണ്​ കണക്ക്​. 2,300 പേർ കൊല്ലപ്പെട്ടിട്ടുണ്ട്​. 20,000​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. അതേ സമയം, ഇതേ കാലയളവിൽ അരലക്ഷം അഫ്​ഗാൻ സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്​. അഫ്​ഗാനിൽ ശാശ്വത സമാധാനം ലക്ഷ്യമിട്ട്​ യു.എസ്​ കാർമികത്വത്തിൽ ചർച്ചകൾക്കു തുടക്കം കുറിക്കാനിരിക്കുകയാണെങ്കിലും വിദേശ സൈനികരുടെ പൂർണ പിന്മാറ്റമില്ലാതെ പ​ങ്കെടുക്കില്ലെന്ന്​ താലിബാൻ വ്യക്​തമാക്കിയിട്ടുണ്ട്​.