ആഫ്രിക്കയിൽ കുട്ടികൾക്ക് സ്കൂൾ നിർമിച്ച് നൽകി മലയാളി ദമ്പതികൾ. ആഫ്രിക്കയിലെ മലാവിയിൽ മഴയും വെയിലുമേറ്റ് മരച്ചുവട്ടിൽ ഇരുന്ന് പഠിച്ച കുട്ടികൾക്കാണ് മലയാളി ദമ്പതികൾ സ്കൂൾ നിർമിച്ച് നൽകിയത്.(A Malayali couple built a school for children in Africa)
മലപ്പുറം ജില്ലയിലെ പോത്തുകല്ല് സ്വദേശികളായ അരുണും ഭാര്യ സുമിയുമാണ് വലിയ സഹായങ്ങൾക്ക് പിന്നിൽ. സ്കൂളിന്റെ പേര് ‘കേരള ബ്ലോക്ക്’ എന്നാണ്. ഡാം നിർമാണവുമായി ബന്ധപ്പെട്ടാണ് അരുൺ മലാവിയിലെ ചിസുസില ഗ്രാമത്തിലെത്തിയത്. ഗ്രാമത്തിലൂടെ സഞ്ചരിക്കുന്ന സമയത്ത് കുട്ടികൾ മഴ നനഞ്ഞ് ഓടുന്നത് ശ്രദ്ധയിൽപ്പെട്ടു.
പുല്ലുമേഞ്ഞ ക്ലാസ് മുറിയിൽ കുട്ടികൾ മൊത്തം മഴ നനഞ്ഞ് നിക്കുന്നൊരു കാഴ്ച്ച കണ്ടു. അത് മനസിനെ ഭയങ്കരമായി വേദനിപ്പിച്ച കാഴ്ച്ചയായിരുന്നു. ആ കാഴ്ചയിലൂടെയാണ് എനിക്ക് ഈ സ്കൂൾ നിർമ്മിച്ചുനൽകാനുള്ള പ്രചോദനമുണ്ടായതെന്ന് അരുൺ പറഞ്ഞു.
കുട്ടികളും ഗ്രാമവാസികളും ചേർന്നാണ് സ്കൂൾ പണി പൂർത്തിയാക്കിയത്. പോത്തുകല്ലിൽ നിന്നുള്ള ആസിഫ് അലിയും പുനലൂർ സ്വദേശി കെന്നറ്റ് ഫ്രാൻസിസുമാണ് അരുണിനൊപ്പം കൈകോർത്ത്. സ്കൂൾ നിർമ്മിക്കാൻ മൂന്ന് പേരുടെ ശമ്പളത്തിൽ നിന്നും ഒരു ഭാഗവും യൂട്യൂബിലെ വരുമാനവുമാണ് ഉണ്ടായതെന്നും അരുൺ പറഞ്ഞു.