World

ടൈഗ്രിസ് നദിയെ സംരക്ഷിക്കാന്‍ ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് 200റോളം വോളണ്ടിയര്‍മാര്‍

യുദ്ധം മൂലമുണ്ടായ കെടുതികളില്‍ നിന്നും നഷ്ടങ്ങളില്‍ നിന്നുമൊക്കെ കര കയറുന്ന ഇറാഖ് ജനത ഇപ്പോള്‍ നേരിടുന്ന മറ്റൊരു പ്രധാന ഭീഷണിയാണ് മാലിന്യ പ്രശ്‌നം. ജലാശയങ്ങളടക്കമുള്ള രാജ്യത്തെ പരിസ്ഥിതി നിലവില്‍ മലിനമായിട്ടാണ് കാണപ്പെടുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മലിനമെന്ന് കരുതുന്ന ഒരു നദിയാണ് ടൈഗ്രിസ് നദി. എന്നാല്‍ ഇപ്പോള്‍ ടൈഗ്രിസ് നദിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്തിരിക്കുകയാണ് ക്ലീനപ്പ് അംബാസിഡേഴ്‌സിന്റെ നേതൃത്വത്തിലുള്ള വോളണ്ടിയര്‍മാര്‍.

ഇരുനൂറോളം വോളണ്ടിയര്‍മാരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ശേഖരിച്ച മാലിന്യങ്ങള്‍ വോളണ്ടിയര്‍മാര്‍ ബാഗ് ദാദ് സിറ്റി കൗണ്‍സിലിന് കൈമാറി. ബൂട്ടുകളും, ഗ്ലൗസുകളും ധരിച്ചാണ് വോളണ്ടിയര്‍മാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്ലാസ്റ്റിക് കുപ്പികള്‍, അലൂമീനിയം ക്യാന്‍ എന്നിവയെല്ലാം അടിഞ്ഞ് കൂടി നീരൊഴുക് തന്നെ നിലച്ച നിലായിരുന്നു നദിയുടെ അവസ്ഥ. ജല ദൈര്‍ലഭ്യവും മാലിന്യം കുമിഞ്ഞ്കൂടാനുള്ള പ്രധാനപ്പെട്ട ഒരു കാരണമായി ഇവിടെ കണക്കാക്കുന്നുണ്ട് . 2003 ന് ശേഷം പ്രദേശത്ത് യാതൊരു വിധത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും പിന്നീട് ഇപ്പോഴാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

നദികളിലൂടെയും മറ്റും ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ വന്യ മൃഗങ്ങള്‍ക്കും ജലാശയത്തിലെ മത്സ്യബന്ധനത്തിനും ഭീഷണിയാകുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അപാകതകളാണ് ഇത്തരത്തില്‍ മാലിന്യം കുമിഞ്ഞ് കൂടാനുള്ള കാരണമായി കണക്കാക്കിയിരുന്നത്. എന്നാല്‍ മാലിന്യ ശേഖരണത്തിനും നിര്‍മ്മാര്‍ജനത്തിനും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും രാജ്യത്ത് ഇല്ലെന്ന് നേച്ചര്‍ ഇറാഖ് എന്ന സംഘടനയുടെ തലപ്പത്തുള്ള അസം ആല്‍വാഷ് അഭിപ്രായപ്പെട്ടു. മാലിന്യം വേര്‍തിരിച്ചെടുക്കുന്നതും , പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതിലും രാജ്യത്ത് ഇപ്പോഴും വളരെ കാര്യമായ പ്രാധാന്യം നല്‍കുന്നില്ല.