യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുകയാണ്. ജീവനും ജീവിതവും തെരുവുകളിൽ പൊലിയുമ്പോൾ നിസ്സഹായരായ ജനതയുടെ കണ്ണീർ മാത്രമാണ് ഇനിയവിടെ ബാക്കി. വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ് മിക്കവരും. പ്രായഭേദമില്ലാതെ പുരുഷന്മാരും സ്ത്രീകളും റഷ്യയുടെ ആക്രമണത്തിനെതിരെ ധീരമായ പോരാട്ടം നടത്തുന്നതിന്റെ പോസ്റ്റുകളും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടു. യുദ്ധഭൂമിയിൽ അനാഥരായ ജീവിതങ്ങൾ ഏറെയാണ്. തങ്ങളുടെ ഉറ്റവരെ യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ചുറ്റും. പലായന കാഴ്ച്ചയിൽ ഏറ്റവും ഒടുവിൽ നമ്മൾ കണ്ടതാണ് പതിനൊന്ന് വയസ്സുള്ള യുക്രൈനിയൻ ബാലൻ 1000 കിലോമീറ്റർ ഒറ്റയ്ക്ക് സഞ്ചരിച്ച് സ്ലൊവാക്യയിലേക്ക് കടന്നത്. യുദ്ധഭൂമിയിൽ നിന്ന് രക്ഷ തേടി അവൻ താണ്ടിയത് ആയിരം കിലോമീറ്റർ ആണ്. ഒരു ബാഗും അമ്മയുടെ കുറിപ്പും കൈയിൽ ടെലിഫോൺ നമ്പറും ആണ് അവൻ ആകെ കയ്യിൽ കരുതിയിരുന്നത്.
കഴിഞ്ഞയാഴ്ച റഷ്യൻ സൈന്യം തെക്കുകിഴക്കൻ യുക്രൈനിലെ സപോരിജിയയിൽ നിന്നുള്ള പവർ പ്ലാന്റ് പിടിച്ചെടുത്തിയിരുന്നു. അവിടെ നിന്നാണ് ഇവാൻ രക്ഷ നേടി യാത്ര തിരിച്ചിരിക്കുന്നത്. രോഗിയായ ബന്ധുവിനെ പരിചരിക്കേണ്ടതിനാൽ അവന്റെ മാതാപിതാക്കൾക്ക് യുക്രൈനിൽ തന്നെ താമസം തുടരേണ്ടി വന്നു എന്നാണ് റിപ്പോർട്ടുകൾ. അവിശ്വസനീയമായ ഒരു യാത്ര പൂർത്തിയാക്കിയിരിക്കുകയാണ് ഈ പതിനൊന്ന് വയസുകാരൻ. തന്റെ പുഞ്ചിരി, നിർഭയത്വം, നിശ്ചയദാർഢ്യം കൊണ്ട് ഉദ്യോഗസ്ഥരെയും അവൻ കീഴ്‌പ്പെടുത്തി. “ഇന്നലെ രാത്രിയിലെ ഏറ്റവും വലിയ ഹീറോ” എന്നാണ് സ്ലൊവാക്യൻ ആഭ്യന്തര മന്ത്രി അവനെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.