റഷ്യ തടങ്കലിലാക്കുന്നതിന് മുൻപും ശേഷവുമുള്ള യുക്രൈൻ സൈനികന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. യുക്രൈൻ സൈനികനായ മിഖായലോ ഡയനോവിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളിലേക്ക് വഴി വച്ചത്. യുക്രൈൻ സെന്റർ ഫോർ സിവിൽ ലിബർട്ടീസ് മേധാവി അലക്‌സാൻഡ്രയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ( Ukraine soldier before and after Russian captivity )
മരിയൂപോളിൽ നിന്നാണ് മിഖായലോയെ റഷ്യൻ സൈന്യം തടങ്കലിലാക്കുന്നത്. അസോവ്‌സ്റ്റൽ സ്റ്റീൽ പ്ലാന്റ് പിടിച്ചടക്കുന്നതിൽ നിന്ന് റഷ്യയെ പ്രതിരോധിക്കുന്നതിനിടെയാണ് മിഖായലോ ശത്രുസൈന്യത്തിന്റെ കൈയിൽ അകപ്പെടുന്നത്.
റഷ്യൻ ക്യാമ്പിൽ നാല് മാസങ്ങളാണ് മിഖായലോ കഴിഞ്ഞത്. ബന്ദിയാക്കപ്പെട്ട സൈനികരെ ഇരു രാജ്യങ്ങളും കൈമറുന്നതിനിടെയാണ് മിഖായലോ മാതൃരാജ്യത്തേക്ക് തിരിച്ചെത്തുന്നത്.
ഉയരത്തിനൊത്ത വണ്ണവുമായി പൂർണ ആരോഗ്യവാനായിരുന്ന മിഖായലോ തിരിച്ചെത്തുമ്പോൾ കണ്ടാൽ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. മെലിഞ്ഞ് ഒരു കൈ വളഞ്ഞ് ശരീരത്തിൽ മുറിവേറ്റതും ചതഞ്ഞതുമായ പാടുകളുമായാണ് മിഖായലോ തിരിച്ചെത്തിയത്.
യുദ്ധ തടവുകാരോട് മനുഷ്യത്വപരമായി പെരുമാറണമെന്ന മൂന്നാം ജെനീവ കൺവെൻഷൻ ഉടമ്പടി റഷ്യയെ ഓർമിപ്പിക്കുന്നു എന്ന കുറിപ്പോടെയാണ് യുക്രൈൻ സെന്റർ ഫോർ സിവിൽ ലിബർട്ടീസ് മേധാവി അലക്‌സാൻഡ്ര മിഖായലോയുടെ ചിത്രം ട്വീറ്റ് ചെയ്തത്.