World

‘മതഭ്രാന്ത് അനുവദിക്കരുത്’; പ്രവാചകനെതിരായ പരാമര്‍ശത്തില്‍ താലിബാന്റെ പ്രതികരണം

ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ ഭരണകൂടം. ഇത്തരം മതഭ്രാന്ത് അനുവദിക്കരുതെന്ന് താലിബാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തരുതെന്നും മതത്തെ പരിഹസിക്കരുതെന്നും താലിബാന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദിന്റെ പ്രതികരണം. (taliban response bjp leader remark on prophet)

പ്രവാചകനെതിരായ പരാമര്‍ശത്തെ അഫ്ഗാനിസ്ഥാന്‍ ശക്തമായി അപലപിക്കുന്നുവെന്നും ഇസ്ലാമിനെ അപമാനിക്കാന്‍ മതഭ്രാന്തരെ അനുവദിക്കരുതെന്നും താലിബാന്‍ വ്യക്തമാക്കി. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത് തുടങ്ങി 14 രാജ്യങ്ങള്‍ പരാമര്‍ശത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്റെ പ്രതികരണം.

ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മയാണ് വിവാദ പ്രസ്താവന നടത്തിയത്. ഇത് പിന്നീട് ഇവര്‍ പിന്‍വലിച്ചു. തന്റെ പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് നുപുര്‍ പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നുപുറിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഇവര്‍ പ്രസ്താവന പിന്‍വലിക്കുന്നതായി അറിയിച്ചത്. ബിജെപിയുടെ ഡല്‍ഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് നവീന്‍ കുമാര്‍ ജിന്‍ഡലിനെയും നീക്കിയിരുന്നു.

ഗ്യാന്‍വാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചര്‍ച്ചയിലാണ് നുപുര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില കാര്യങ്ങള്‍ ആളുകള്‍ പരിഹാസ പാത്രമാണെന്ന് നുപുര്‍ പറഞ്ഞു. മുസ്ലീങ്ങള്‍ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.