World

‘ആരെങ്കിലും പോര’; യുദ്ധം അവസാനിപ്പിക്കുന്നതില്‍ ചര്‍ച്ച റഷ്യന്‍ പ്രസിഡന്റുമായി മാത്രമേയുള്ളുവെന്ന് യുക്രൈന്‍ പ്രസിഡന്റ്

റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് സന്നദ്ധതയറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റാണ് എല്ലാം തീരുമാനിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് നമ്മള്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി പരിഗണിക്കാതെ തീരുമാനം എടുക്കാനാകുന്നില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നവരെ വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റിനോട് അല്ലാതെ റഷ്യന്‍ ഫെഡറേഷനിലെ ആരുമായും താന്‍ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് സെലന്‍സ്‌കി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുക. ഈ ഒരു കാര്യത്തില്‍ മാത്രം ചര്‍ച്ചയാകാം. യോഗത്തിന് ഇതല്ലാതെ മറ്റൊരു കാരണങ്ങളുമില്ലെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സാധാരണക്കാര്‍ക്കുനേരെ റഷ്യയുടെ നടപടികളുടെ പശ്ചാത്തലത്തില്‍ ഏതുതരം ചര്‍ച്ചകളും ബുദ്ധിമുട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധത്തിന്റ ആദ്യഘട്ടങ്ങളില്‍ റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് കീവിന് പുറത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കണ്ടെത്തിയത് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതിന് ബുദ്ധിമുട്ടായി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം യുക്രൈനില്‍ സാധാരണക്കാരെ ലക്ഷ്യംവെച്ച് നടത്തുന്ന സ്‌പെഷ്യല്‍ ഓപറേഷന്‍ റഷ്യ നിഷേധിക്കുന്നുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു.