മുൻ ഭാര്യ ആംബർ ഹേഡിനെതിരായ മാനനഷ്ടക്കേസ് വിജയിച്ച ഹോളിവുഡ് സൂപ്പർ താരം ജോണി ഡെപ്പ് വിജയം ആഘോഷിച്ചത് ഇന്ത്യൻ റെസ്റ്റോറൻ്റിൽ. ഇംഗ്ലണ്ടിലെ ബിർമിങമിലുള്ള വാരണാസി എന്ന ഇന്ത്യൻ റെസ്റ്റോറൻ്റിൽ വച്ചാണ് താരം തൻ്റെ സുഹൃത്തുക്കൾക്കൊപ്പം വിജയം ആഘോഷിച്ചത്. 62,000 ഡോളറിൻ്റെ (ഏകദേശം 48.1 ലക്ഷം രൂപ) ബില്ലാണ് ഡെപ്പ് റെസ്റ്റോറൻ്റിൽ അടച്ചത്. 22 പേരാണ് ആകെ ഡെപ്പിൻ്റെ സംഘത്തിൽ ഉണ്ടായിരുന്നത്. (Johnny Depp Restaurant Amber)
ബിർമിങമിലെ ഏറ്റവും വലിയ ഇന്ത്യൻ റെസ്റ്റോറൻ്റാണ് വാരണാസി. ഒരുസമയം 400 പേർക്ക് ഇരിക്കാവുന്ന റെസ്റ്റോറൻ്റ് നേരത്തെ ഡെപ്പിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. തൻ്റെ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് നടനും സംഘവും ഭക്ഷണം കഴിക്കാനെത്തിയത്. താരം റെസ്റ്റോറൻ്റിലെ ജീവനക്കാരോട് സംസാരിച്ചു. മൂന്ന് മണിക്കൂറോളം റെസ്റ്റോറൻ്റിൽ തുടർന്ന ഡെപ്പ് മാനേജരുടെ സുഹൃത്തുക്കളുമായും കുടുംബവുമായും സംസാരിച്ചു.https://metro.co.uk/video/embed/2702277
“ഒരു സംഘത്തോടൊപ്പം ജോണി ഡെപ്പിന് ഞങ്ങളുടെ റെസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടെന്നറിയിക്കുന്ന ഒരു കോൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലഭിച്ചു. ആദ്യം ഞാൻ ഞെട്ടി. തമാശയാവുമെന്നാണ് കരുതിയത്. എന്നാൽ, അല്പസമയം കഴിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരെത്തി റെസ്റ്റോറൻ്റ് പരിശോധിച്ചു. റെസ്റ്റോറൻ്റ് മുഴുവൻ ഞങ്ങൾ ഒഴിപ്പിച്ചു. കാരണം, മറ്റുള്ളവർ അവിടെ ഭക്ഷണം കഴിച്ചാൽ അവർ ഡെപ്പിൻ്റെ സ്വകാര്യതയെ ഹനിക്കുമോ എന്ന് ഞങ്ങൾ സംശയിച്ചു.”- വാരണാസി റെസ്റ്റോറൻ്റ് ഡയറക്ടർ മുഹമ്മദ് ഹുസൈൻ പറഞ്ഞു.
ആംബർ ഹേർഡ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യൺ ഡോളർ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. വിധി തന്നെ തകർത്തുവെന്ന് ആംബർ ഹേർഡ് പ്രതികരിച്ചു.
വാഷിംഗ്ടൺ പോസ്റ്റിന്റെ ഓപ്-എഡ് പേജിലായിരുന്നു ആംബർ ഹേർഡിന്റെ ലേഖനം. സെക്ഷ്വൽ വയലൻസ് എന്ന പേരിലെഴുതിയ ലേഖനത്തിൽ ഗാർഹിക പീഡനത്തിന്റെ പ്രതിനിധിയായാണ് ഹേർഡ് സ്വയം ചിത്രീകരിച്ചത്. ലേഖനത്തിൽ ഡെപ്പിന്റെ പേര് പരാമർശിക്കുന്നില്ലെങ്കിൽ കൂടി താനാണ് ലേഖനത്തിൽ പ്രതി സ്ഥാനത്തെന്ന് ചൂണ്ടിക്കാട്ടി 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസുമായി ജോണി ഡെപ്പ് കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ ആംബർ ഹേർഡിന്റെ വാദങ്ങൾ കളവാണെന്ന് ഡെയ്ലി മെയിൽ മാധ്യമത്തോട് പ്രതികരിച്ച ഡെപ്പിന്റെ അഭിഭാഷകന്റെ പരാമർശം വന്നതോടെ ആംബർ ഹേർഡും മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 100 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസാണ് ജോണി ഡെപ്പിനെതിരെ നൽകിയത്. ഈ കേസിൽ കോടതി ജോണി ഡെപ്പിന് 2 മില്യൺ ഡോളറാണ് പിഴ ചുമത്തിയത്.