World

അമേരിക്കയില്‍ ദുരിതം വിതച്ച് ഇയാന്‍; കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 42 ആയി

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഇയാന്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം നാല്‍പത്തിരണ്ടായി ഉയര്‍ന്നു. കൊടുങ്കാറ്റ് അപകടകാരിയായി തുടരുകയാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. മരണനിരക്ക് വരും ദിവസങ്ങളില്‍ ഉയരാനാണ് സാധ്യത. ഇയാന്‍ കൊടുങ്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങള്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പുവരുത്തി. (42 died in Hurricane Ian America florida)

കൊടുങ്കാറ്റിന്റെ പാതയിലുള്ള ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം ആളുകളോടാണ് ഒഴിഞ്ഞുമാറുവാന്‍ അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് നിലവില്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടിലാകുന്നത്. ഇതുവരെ കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞ എല്ലാ പ്രവചനങ്ങളും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടാണ് അപകടകാരിയായ ഇയാന്‍ ഫ്‌ളോറിഡയില്‍ എത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് അതിശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1921ന് ശേഷം ഫ്‌ലോറിഡ നേരിടുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാകും ഇത്. കനത്ത മഴയെ തുടര്‍ന്ന് ഉണ്ടാകുന്ന വെള്ളം ഒഴുകുവാന്‍ മാര്‍ഗങ്ങളില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.