ഏറ്റവും മനോഹരമായ ഭൂപ്രകൃതി. പക്ഷെ വിളിക്കുന്നത് മരണതാഴ്വര എന്നാണ്. ഏറ്റവും ചൂടേറിയതും വരണ്ടതുമായ പ്രദേശമാണിത്. കാലിഫോർണിയയിലെ നെവാഡയിലാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. 1994 ഒക്ടോബോർ 24 ലാണ് ഡെത്ത് വാലി നാഷണൽ പാർക്ക് സ്ഥാപിതമായത്. ചുട്ടുപൊള്ളുന്ന മരുഭൂമി എന്നതിലുപരി പ്രകൃതി ദൃശ്യങ്ങളുടെ വ്യത്യസ്തമായ അനുഭൂതിയും ഈ താഴ്വര സഞ്ചാരികൾക്ക് സമ്മാനിക്കുന്നുണ്ട്. മരുഭൂമിയിൽ നിന്ന് സമതലങ്ങളിലേക്ക് പോകുമ്പോൾ ഉയർന്ന കൊടുമുടികൾ പോലും തണുപ്പിക്കുന്ന മഞ്ഞും പൂക്കളാൽ സമൃദ്ധമായ താഴ്വരകളും ചുട്ടുപൊള്ളുന്ന ചൂടും എല്ലാം കാണാം. അറിയാം ഡെപ്ത് വാലിയുടെ രസകരമായ വസ്തുതകൾ…
വടക്കേ അമേരിക്കയിലെ ഏറ്റവും താഴ്ന്ന സ്ഥലമാണ് മരണ താഴ്വര. ഇവിടെ സമുദ്രനിരപ്പിൽ നിന്ന് 282 അടി താഴ്ചയുള്ള ബാഡ് വാട്ടർ ബേസിൻ ഉള്ളത്. കണ്ണിനെ വിസ്മയിക്കുന്ന അതിമനോഹര കാഴ്ചയാണിത്. ഇവിടെ മഞ്ഞ് മൂടി കിടക്കുകയാണെന്നാണ് സന്ദർശകർ കരുതുന്നത്. യഥാർത്ഥത്തിൽ ഉപ്പിന്റെ കട്ടിയുള്ള പാളിയാണിത്. എങ്ങനെയാണ് ഉപ്പ് പാളികൾ അവിടെ രൂപപ്പെടുന്നത്? പാറമുകളിൽ നിന്ന് മഴയും ധാതുക്കളും അലിഞ്ഞ് ചേർന്ന് ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്നു. താഴേക്ക് പതിച്ച ഈ വെള്ളം താത്കാലിക തടാകങ്ങളായി മാറുന്നു. ഈ പതിച്ച വെള്ളം ബാഷ്പീകരിക്കപ്പെട്ട് ലവണങ്ങൾ മാത്രം അവിടെ അവശേഷിക്കുന്നു. വർഷങ്ങളോളം നടന്ന ഈ പ്രക്രിയയിലൂടെയാണ് ഈ ഉപ്പുപാളികൾ രൂപപ്പെടുന്നത്.
എന്തുകൊണ്ടായിരിക്കാം ഇത് മരണ താഴവര എന്നറിയപ്പെടുന്നത്? ഭൂമിയിലെ തന്നെ ഏറ്റവും അപകടകരമായ മേഖലകളിൽ ഒന്നായാണ് ഈ സ്ഥലത്തെ കണക്കാക്കുന്നത്. കാരണം ഭൂമിയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഒന്നാണിത്. ഈ താഴ്വരയിൽ ഏറ്റവും ഉയർന്ന താപനിലയായി രേഖപ്പെടുത്തിയിരിക്കുന്നത് 56.7 ഡിഗ്രി സെൽഷ്യസാണ്. ഡെത്ത് വാലിയിലെ ചൂടിനെ മറികടക്കാൻ നമുക്ക് സാധിക്കില്ല. അത്രയും ഉയർന്ന ചൂടാണ് അവിടെ അനുഭവപ്പെടുന്നത്. 2018 ൽ റെക്കോർഡ് ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. അത് നാല് ദിവസത്തോളം തുടർച്ചയായി ഉയർന്നു നിൽക്കുകയ്യും ചെയ്തു. അതുകൊണ്ട് ചൂട് കാലത്ത് ഈ പാർക്കിലേക്ക് പ്രവേശിക്കുക എന്നത് ചിന്തിക്കാൻ കൂടി സാധിക്കില്ല.
മറ്റു കാലാവസ്ഥകളിലാണ് ഇങ്ങോട്ടേക്ക് ആളുകൾ കൂടുതലായി എത്തുന്നത്. ഇങ്ങോട്ട് വരുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങളുമുണ്ട്. വസന്തകാലത്ത് ഇങ്ങോട്ടേക്ക് നിരവധി പേർ എത്താറുണ്ട്. കാട്ടുപൂക്കളാൽ സമൃദ്ധമായി വസന്തകാലത്ത് ഈ മരുഭൂമിയ്ക്ക് പുതുജീവൻ ലഭിക്കുന്നു. അപൂർവവും അതിമനോഹരമായ വൈൽഡ് ഫ്‌ളവർ ഡിസ്‌പ്ലേയ്ക്ക് പേരുകേട്ട സ്ഥലമാണ് ഈ പാർക്ക്. ഈ മരുഭൂമിയിലെ പുഷ്പ മേളയ്ക്ക് നിരവധി പേരാണ് ഇങ്ങോട്ടേക്ക് എത്താറുള്ളത്. കൂടാതെ ഇവിടുത്തെ മറ്റൊരു കൗതുക കാഴ്ചയാണ് സ്വയം നീങ്ങുന്ന പാറക്കല്ലുകൾ. റേസ്ട്രാക്ക് പ്ലായ എന്ന തടാകത്തിലാണ് ഇതുള്ളത്.