Weather

അസാനി നാളെ ആന്ധ്രാതീരത്തേയ്ക്ക്; കേരളത്തിൽ കൂടുതൽ മഴ ലഭിക്കും

അസാനി ചുഴലിക്കാറ്റ് നാളെ ആന്ധ്രാതീരത്ത് കരയിലേക്ക് പ്രവേശിക്കാൻ സാധ്യത. 70 മുതൽ 80 കിലോമീറ്റവർ വരെ വേ​ഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണം. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തെക്കൻ, മധ്യ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അന്തരീക്ഷം മേഘാവൃതമായി തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. ആന്ധ്ര തമിഴ്നാട് തീരത്ത് അസാനിയുടെ ഫലമായി കനത്ത കാറ്റും മഴയും ഉണ്ടായി.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കിയിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ ആന്ധ്രാ തീരത്തെത്തുന്ന ചുഴലിക്കാറ്റ് തുടർന്ന് ഒഡീഷ തീരത്തേക്ക് നീങ്ങും.

നിലവിൽ വിശാഖപട്ടണത്തിന് 330 കിലോമീറ്ററും, കക്കിനടക്ക് 300 കിലോമീറ്ററും അകലെയാണ് അസാനി തീവ്ര ചുഴലിക്കാറ്റുള്ളത്. നാളെ ആന്ധ്രാതീരത്ത് എത്തുന്ന അസാനി ദിശ മാറി, ബംഗ്‌ളാദേശ് ലക്ഷ്യമാക്കി നീങ്ങുകയും നാളെയോടെ ഓഡീഷയുടെ തീരമേഖല കടന്നു പോകുകയും ചെയ്യുമെന്നാണ് പ്രവചനം. കാറ്റിന്റെ സ്വാധീനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്.