അപകടകരമായ രീതിയിലുള്ളതും മാനസികമായി തളര്‍ത്തുന്നതുമായ വീഡിയോകളെ തുടച്ചുനീക്കാനൊരുങ്ങി യൂട്യൂബ്. ഇനി മുതല്‍ ഇത്തരം വീഡിയോകള്‍ക്ക് യൂട്യൂബില്‍ സ്ഥാനമുണ്ടാവില്ല. ചില വീഡിയോകള്‍ ചിലരെ മാനസികമായി തളര്‍ത്തും, ചിലത് അപകടം ക്ഷണിച്ചുവരുത്തും, ഇത്തരം വീഡിയോകള്‍ നിരോധിക്കുമെന്നും യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കുന്നു.
ഇത്തരം വീഡിയോകള്‍ ചിലപ്പോഴൊക്കെ മരണത്തിന് തന്നെ കാരണ മാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇനി മേലില്‍ ഇതിനൊന്നും ഇവിടെ സ്ഥാനമില്ല എന്നാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിങ് സൈറ്റായ യൂട്യൂബിന്റെ നിലപാട്. ഈ വീഡിയോകളെ എപ്രിലോടുകൂടി നീക്കം ചെയ്യാനാണ് തീരുമാനം.
ഇതുപോലെ അപകടം വിളിച്ചുവരുത്തുന്ന വീഡിയോകള്‍ക്ക് മുന്‍പും യൂട്യൂബ് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ പലപ്പോഴും അവ കാര്യക്ഷമമായി നടപ്പിലാക്കാന്‍ യൂട്യൂബിനായിരുന്നില്ല.