Kerala Uncategorized

ചരിത്രം തിരുത്തിക്കുറിച്ച് രണ്ടാം പിണറായി മന്ത്രിസഭ; മൂന്ന് വനിത മന്ത്രിമാര്‍ ഇതാദ്യം

അടിമുടി മാറ്റവുമായി വരുന്ന രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രത്യേകതയില്‍ ഒന്നാണ് വനിതാ മന്ത്രിമാരുടെ എണ്ണത്തിലെ വർധന. ആദ്യ പിണറായി മന്ത്രിസഭയില്‍ രണ്ട് വനിതാ മന്ത്രിമാരാണ് ഉണ്ടായിരുന്നതെങ്കിലും ഇത്തവണ 50 ശതമാനം കൂടി പ്രാതിനിധ്യം ഉയരും.

പുതിയ ടീമും പുതിയ കാഴ്ചപ്പാടുകളുമാണ് പിണറായി വിജയന്‍റെ കണക്ക് കൂട്ടലുകള്‍. ആദ്യമായി മൂന്ന് വനിതാ മന്ത്രിമാര്‍ മന്ത്രിസഭയുടെ ഭാഗമാകുമ്പോള്‍ വനിതാ പ്രാതിനിധ്യം ഉയരും. കഴിഞ്ഞ തവണ കൈയടി നേടിയ കെകെ ശൈലജ പുറത്താകുന്നതിന്‍റെ പേരിലെ വിമര്‍ശനങ്ങളെക്കൂടി ഇങ്ങനെ മറികടക്കാം. മൂന്നില്‍ രണ്ട് പേര്‍ ആദ്യമായിട്ടാണ് നിയമസഭയിലേക്ക് എത്തുന്നത്. സിപിഎമ്മിലെ ആര്‍ ബിന്ദുവും സിപിഐയിലെ ചിഞ്ചുറാണിയും. നിയമസഭയില്‍ ആദ്യമെങ്കിലും തൃശൂര്‍ കോര്‍പറേഷനിലെ ആദ്യ വനിതാ മേയറായി കരുത്ത് കാട്ടിയതാണ് ആര്‍ ബിന്ദുവിന്‍റെ രാഷ്ട്രീയ ചരിത്രം. സിപിഐ ദേശീയ കൌണ്‍സില്‍ അംഗമാണ് ചിഞ്ചു റാണി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് എത്തി. സിപിഐയിലെ പിളര്‍പ്പിന് ശേഷം പാര്‍ട്ടിയുടെ സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രിയാണ് ചിഞ്ചു റാണിയെന്നതും ചരിത്രത്തിലെ ഏടാകും.

മാധ്യമ പ്രവര്‍ത്തന രംഗത്ത് നിന്നെത്തിയ വീണാ ജോര്‍ജ്ജ് തുടര്‍ച്ചായി രാണ്ടാം തവണയാണ് എം.എല്‍എയാകുന്നത്. ആദ്യ സഭാ കാലയളവിലെ മികച്ച പ്രകടനവും സാമുദായിക സമാവാക്യവും വീണക്ക് തുണയായി. രാഷ്ട്രീയത്തിനൊപ്പം മറ്റ് മേഖലകളിലും കഴിവ് തെളിയിച്ച ഇവര്‍ മന്ത്രിസഭയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കാന്‍‌ ശേഷിയുള്ളവരാണ്.