കുമ്മനം രാജശേഖരനെ മത്സരത്തിനിറക്കുന്നതിനെ ചൊല്ലി ബി.ജെ.പിയിൽ തർക്കം. കുമ്മനത്തിന് വേണ്ടി സംസാരിക്കുന്നവരെ സംസ്ഥാന പ്രസിഡന്റ് താക്കീത് ചെയ്യുന്നതായാണ് ആരോപണം. കുമ്മനം മത്സരിക്കാനെത്തിയാൽ സംസ്ഥാന പ്രസിഡന്റിന് തിരുവനന്തപുരത്ത് മത്സരിക്കാനാകില്ലെന്ന കാരണത്താലാണ് തർക്കമുയർന്നിരിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് കണ്ണ് വച്ചിരിക്കുന്ന തലസ്ഥാനത്ത് കുമ്മനം എത്തണമെന്ന് പറയുന്നത് ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ ഭാഗമാണെന്നാണ് പ്രസിഡന്റ് പക്ഷം. കുമ്മനം വരുമെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞതോടെ ശ്രീധരൻ പിള്ള പലരേയും ശാസിച്ചെന്നാണ് പാർട്ടിയിലെ അടക്കം പറച്ചിൽ. തിരുവനന്തപുരത്ത് ജയസാധ്യത മുന്നിൽ കണ്ട് പ്രസിഡന്റിന്റെ പേര് കൂടി ഉൾപ്പെടുത്തിയാണ് സാധ്യത പട്ടിക തയ്യാറാക്കിയത്. ഇത് തെരഞ്ഞെടുപ്പ് സമിതി ചേരാതെ തയ്യാറാക്കിയതാണെന്ന പരാതി കേന്ദ്ര നേതൃത്വത്തിന് മുന്നിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പുതിയ തർക്കം.
ഗവർണർമാർ തിരികെ രാഷട്രീയത്തിലേക്ക് വരുന്ന കീഴ്‌വഴക്കമില്ലെന്ന ശ്രീധരൻ പിള്ളയുടെ വാദം കുമ്മനം വരരുതെന്ന ഉദ്ദേശത്തോടെയാണെന്നാണ് ബി.ജെ.പിയിലെ അഭിപ്രായം. തർക്കങ്ങൾ പലതും പരിഹരിക്കാതെ കിടക്കുന്ന സാഹചര്യത്തിൽ പ്രസിഡന്റ് സ്വയം പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും പാർട്ടിൽ വിമർശനമുയർന്നുകഴിഞ്ഞു.