Uncategorized

ശ്രദ്ധേയമായ രാഷ്ട്രീയ വേദിയായി യു ഡി എഫിനെ മാറ്റും; വി ഡി സതീശൻ

കേരളത്തിലെ ശ്രദ്ധേയമായ രാഷ്ട്രീയ വേദിയായി യു ഡി എഫിനെ മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരും. നേതൃയോഗത്തിൽ ക്രിയാത്മക ചർച്ചകൾ നടന്നുവെന്നും യു ഡി എഫിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട. സെപ്റ്റംബർ 22 ന് മുഴുവൻ ദിന യു ഡി എഫ് യോഗം നടത്തും. വിവിധവിഷയങ്ങളിൽ ഈ മാസം 20 ന് നിയോജക മണ്ഡല അടിസ്ഥാനത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വി ഡി സതീശൻ അറിയിച്ചു.

ഇതിനിടെ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പരിഭവങ്ങള്‍ പരിഹരിച്ചു. ഇനി കൂടുതല്‍ ചര്‍ച്ചയില്ലെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

പുനഃസംഘടന ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒറ്റക്കെട്ടായി മുന്നോട്ടുപോകും. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി താരിഖ് അന്‍വര്‍ കേരളത്തിലേക്ക് വരില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം.

അതേസമയം മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം വന്നതിന് ശേഷമുള്ള ആദ്യ സമ്പൂര്‍ണ യുഡിഎഫ് യോഗമാണ് ഇന്ന് നടന്നത്.