ഇന്നലെയും ഇന്നുമായി പതിനായിരങ്ങളാണ് പിതൃമോക്ഷ പുണ്യം തേടി ബലിതര്‍പ്പണത്തിനായി മണപ്പുറത്തെത്തിയത്
എറണാകുളം ആലുവ മണപ്പുറത്ത് ശിവരാത്രിയോടനുബന്ധിച്ചുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു. ഇന്നലെയും ഇന്നുമായി പതിനായിരങ്ങളാണ് പിതൃമോക്ഷ പുണ്യം തേടി ബലിതര്‍പ്പണത്തിനായി മണപ്പുറത്തെത്തിയത്. ചടങ്ങുകള്‍ നാളെ ഉച്ച വരെ തുടരും.
മുന്‍വര്‍ഷങ്ങള്‍ക്ക് സമാനമായി പതിനായിരങ്ങള്‍ ഇത്തവണവും ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിനെത്തി. ഭക്തജനതിരക്ക് മൂലം മണിക്കൂറുകള്‍ കാത്ത് നിന്നതിന് ശേഷമാണ് പലര്‍ക്കും ബലിതര്‍പ്പണം നടത്താന്‍ സാധിച്ചത്. മണപ്പുറത്ത് ഇന്നലെ രാവിലെ മുതല്‍ തന്നെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. മഹാദേവ ക്ഷേത്രത്തിലെ വിശേഷാല്‍ പൂജ പൂര്‍ത്തിയായതോടെയാണ് ശിവരാത്രിയോടനുബന്ധിച്ചുള്ള ഔദ്യോഗിക ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് തുടക്കമായത്. രാത്രി ശിവനാമം ജപിച്ച് മണപ്പുറത്ത് തങ്ങിയ വിശ്വാസികള്‍ ബലിതര്‍പ്പണത്തിന് ശേഷം ആത്മ നിര്‍വൃതിയോടെയാണ് മടങ്ങിയത്.
കറുത്തവാവ് ദിനമായതിനാല്‍ നാളെയും ബലിതര്‍പ്പണ ചടങ്ങ് നടക്കും. 150 ബലിത്തറകളാണ് മണപ്പുറത്ത് ഒരുക്കിയത്. കഴിഞ്ഞ വര്‍ഷത്തിന് സമാനമായി ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരമാണ് ഇത്തവണയും സജ്ജീകരണങ്ങള്‍ ഒരുക്കിയത്.