കോഴിക്കോട് മുക്കം നീലേശ്വരം സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ കേസില്‍ ഉത്തരക്കടലാസുകള്‍ കസ്റ്റഡിയിലെടുക്കും. പ്രതികള്‍ക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് സൂചന.
കോഴിക്കോട് നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്‍ എഴുതിയ ഉത്തരക്കടലാസുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഇതിനായി തിരുവനന്തപുരത്തെ പരീക്ഷ ഭവനിലെത്തി ഉത്തരക്കടലാസുകള്‍ കസ്റ്റഡിയിലെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി പൊലീസ് സൂചിപ്പിച്ചു. മുക്കം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വഷിക്കുന്നത്. അന്വേഷണ സംഘം കഴിഞ്ഞ ദിവസം സ്കൂളിലെത്തി അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍നിന്നും മൊഴിയെടുത്തിരുന്നു. പ്രതികള്‍ക്കെതിരെ ഇന്ന് തിരച്ചില്‍ നോട്ടീസ് പുറപ്പെടവിക്കുമെന്നും സൂചനയുണ്ട്. അതേസമയം ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് സെഷന്‍സ് കോടതി 23ന് വാദം കേള്‍ക്കും. നീലേശ്വരം സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്. പരീക്ഷ ചുമതലയുണ്ടായിരുന്ന പി.കെ ഫൈസല്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് കഴിഞ്ഞ ദിവസം കോടതി വാദം കേള്‍ക്കുന്നത് 23ലേക്ക് മാറ്റിയത്.