സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഗതാഗത വകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ മുതലുള്ള റോഡ് ടാക്‌സാണ് സർക്കാർ എഴുതി തള്ളിയത്. കൂടാതെ കോൺട്രാക്ട് വാഹനങ്ങളുടെ നികുതി കുടിശിക അടയ്ക്കാനുള്ള സമയ പരിധി ഡിസംബർ 31 വരെയാക്കി.
ഇതിനിടെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി കെ.എസ്.ആർ.ടിസിയുടെ പ്രത്യേക ബോണ്ട് സർവീസ് ആരംഭിക്കാൻ വിദ്യാഭ്യാസ ഗതാഗത വകുപ്പുകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. സർവീസ് ആവശ്യമുള്ള സ്‌കൂളുകൾക്ക് ദൂര പരിധി അനുസരിച്ച് നിരക്കിൽ മാറ്റം വരുത്തിയാകും സൗകര്യം ലഭ്യമാക്കുക.കൂടാതെ സാധാരണ സർവീസുകൾക്ക് കുട്ടികളിൽ നിന്നും നിലവിലെ കൺസഷൻ തുക ഈടാക്കാനും തീരുമാനമായിരുന്നു.
അതേസമയം, സ്‌കൂൾ തുറക്കുന്നതിലെ മാർഗരേഖയിൽ ഏകദേശ ധാരണയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അടുത്ത മാസം അഞ്ചോടെ മാർഗരേഖ പുറത്തിറക്കും. അധ്യാപകർ, വിദ്യാർത്ഥികൾ, പിടിഎ, ആരോഗ്യവകുപ്പ്, ജനപ്രതിനിധികൾ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. അധ്യാപക- വിദ്യാർത്ഥി സംഘടനകളുമായി ഓൺലൈൻ യോഗം ചേരും. കളക്ടർമാരുമായും യോഗം ചേരുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.