വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം ഉപയോഗിച്ച ബി.ജെ.പി പ്രചാരണ പോസ്റ്ററുകള്‍ പിന്‍വലിക്കണമെന്ന് ഫേസ്ബുക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ബി.ജെ.പി നേതാവും ഡല്‍ഹി എം.എല്‍.എയുമായ ഓം പ്രകാശ് ശര്‍മ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരോടൊപ്പം വിംങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെയും ചിത്രം ചേര്‍ത്തായിരുന്നു ബി.ജെ.പി പ്രചാരണ പോസ്റ്ററുകള്‍. മാര്‍ച്ച് ഒന്നിനായിരുന്നു ഇത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഈ ചിത്രങ്ങള്‍ പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടു. പ്രതിരോധ സേനാംഗങ്ങളുടെ ചിത്രങ്ങൾ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പരാതിപ്പെടാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ സി-വിജില്‍ ആപിലൂടെയാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്. പരാതിയെത്തുടർന്ന്, ഫെയ്സ്ബുക്കിന്റെ ഇന്ത്യ, ദക്ഷിണേഷ്യ പബ്ലിക് പോളിസി ഡയറക്ടര്‍ ശിവ്നാഥ് തുക്രാലുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി നടന്ന തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തില്‍ നടപടിയെടുക്കുന്ന ആദ്യ സംഭവമാകും ഇത്.