സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം ക്വാർട്ടറിൽ. ഇന്ന് നടന്ന പ്രീക്വാർട്ടറിൽ ഹിമാചൽ പ്രദേശിനെ 8 വിക്കറ്റിനു തകർത്താണ് കേരളം അവസാന എട്ടിൽ ഇടം നേടിയത്. ഹിമാചൽ പ്രദേശ് മുന്നോട്ടുവച്ച 146 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം മറികടക്കുകയായിരുന്നു. 60 റൺസെടുത്ത് പുറത്തായ മുഹമ്മദ് അസ്‌ഹറുദ്ദീനാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ സഞ്ജു സാംസൺ 52 റൺസെടുത്ത് പുറത്താവാതെ നിന്നു. (kerala won himachal pradesh)
ആദ്യം ബാറ്റ് ചെയ്ത ഹിമാചൽ പ്രദേശ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 145 റൺസ് നേടിയത്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത കേരളം തകർപ്പൻ ബൗളിംഗ് പുറത്തെടുത്തു. കേരളം ടൈറ്റ് ലൈനുകളിൽ പന്തെറിഞ്ഞപ്പോൾ സ്കോറിംഗിന് ഹിമാചൽ വളരെ ബുദ്ധിമുട്ടി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ അവരെ 52 പന്തിൽ 65 റൺസെടുത്ത രാഘവ് ധവാൻ്റെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച ദിഗ്‌വിജയ് രംഗിയും ഹിമാചൽ ഇന്നിംഗ്സിൽ നിർണായക പങ്കുവഹിച്ചു. 32 പന്തിൽ 36 റൺസെടുത്ത പ്രശാന്ത് ചോപ്രയും ഭേദപ്പെട്ട പ്രകടനം നടത്തി. കേരളത്തിനായി മിഥുൻ എസ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ 3 ഓവറുകളിൽ വെറും 4 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചത്.
മറുപടി ബാറ്റിംഗിൽ രോഹൻ കുന്നുമ്മൽ (22) വേഗം മടങ്ങിയെങ്കിലും മുഹമ്മദ് അസ്‌ഹറുദ്ദീനും സഞ്ജു സാംസണും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തെ അനായാസ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 98 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. അസ്‌ഹറുദ്ദീൻ 45 പന്തിലും സഞ്ജു 37 പന്തിലും ഫിഫ്റ്റിയടിച്ചു. 18ആം ഓവറിൽ അസ്‌ഹർ പുറത്തായി. 57 പന്തിൽ 60 റൺസെടുത്താണ് താരം മടങ്ങിയത്. സഞ്ജു (39 പന്തിൽ 52 റൺസ്), സച്ചിൻ ബേബി (5 പന്തിൽ 10 റൺസ്) എന്നിവർ പുറത്താവാതെ നിന്നു.
18ആം തീയതി നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ത്മിഴ്നാടാണ് കേരളത്തിൻ്റെ എതിരാളികൾ.