കർണാടകയിൽ അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്റെ ചിത്രം. ഇത്തവണ കർണാടക ടീച്ചേഴ്‌സ് റിക്രൂട്ട്മെന്റ് പരീക്ഷ എഴുതുന്ന ഒരു ഉദ്യോഗാർത്ഥിയുടെ അഡ്മിറ്റ് കാർഡിലാണ് സണ്ണി ലിയോണിന്റെ ചിത്രം രൂപപ്പെട്ടത്. ഉദ്യോഗാർത്ഥിയുടെ ചിത്രത്തിന് പകരം നടി സണ്ണി ലിയോണിന്റെ ചിത്രമാണ് അഡ്മിറ്റ് കാർഡിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷം എഫ്ഐആർ ഫയൽ ചെയ്യുമെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഹാൾ ടിക്കറ്റിൽ വിദ്യാർത്ഥിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിന്റെ ചിത്രമാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് കർണാടക കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർപേഴ്സൺ ബിആർ നായിഡു ആരോപിച്ചു. ട്വിറ്ററിലൂടെയാണ് നായിഡുവിന്റെ വിമർശനം. കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷിനെ ട്വീറ്റിൽ ടാഗ് ചെയ്യുകയും ചെയ്തു.
കർണ്ണാടക വിദ്യാഭ്യാസ മന്ത്രി അറിയാൻ, നിങ്ങൾക്ക് ഒരു ബ്ലൂ ഫിലിം താരത്തെ കാണണമെങ്കിൽ, ഒരു ഫോട്ടോ തൂക്കിയിടുക, അതിന് വിദ്യാഭ്യാസ വകുപ്പ് ഉപയോഗിക്കരുത്’ നായിഡു ട്വീറ്റിൽ വിമർശിച്ചു. നായിഡുവിന്റെ ആരോപണത്തിന് മറുപടിയായി ബിസി നാഗേഷിന്റെ ഓഫീസ് എത്തിയിരുന്നു. ഉദ്യോഗാർത്ഥികളാണ് ഫോട്ടോ അപ്ലോഡ് ചെയ്യുന്നതെന്ന് നാഗേഷിന്റെ ഓഫീസ് അറിയിച്ചു.
‘ഉദ്യോഗാർത്ഥികൾ അറ്റാച്ച് ചെയ്യുന്ന ഏത് ഫോട്ടോയും സിസ്റ്റം എടുക്കുകയാണ് പതിവ്. സണ്ണി ലിയോണിന്റെ ഫോട്ടോ അഡ്മിറ്റ് കാർഡിൽ ഇടുന്നുണ്ടോ എന്ന് ഞങ്ങൾ ഉദ്യോഗാർത്ഥിയോട് ചോദിച്ചിരുന്നു. അവളുടെ ഭർത്താവിന്റെ സുഹൃത്താണ് തന്റെ വിവരങ്ങൾ അപ്ലോട് ചെയ്തതെന്നാണ് അവർ നൽകിയ മറുപടിയെന്ന് പ്രസ്താവയിൽ പറയുന്നു.