Uncategorized

സുഡാനിൽ ഏറ്റുമുട്ടലിന് അവസാനമാകുന്നില്ല; തുർക്കി വിമാനത്തിനുനേരെ ആക്രമണം

വെടിനിർത്തൽ ദീർഘിപ്പിക്കാൻ പോരാട്ടമുഖത്തുള്ള രണ്ട് കക്ഷികളും സമ്മതിച്ചിട്ടും സുഡാനിൽ ഏറ്റുമുട്ടലിന് അവസാനമാകുന്നില്ല. വെള്ളിയാഴ്ച രാവിലെ തലസ്ഥാനമായ ഖർത്തൂമിലും ഇരട്ട നഗരമായ ഒംദർമാനിലും വൻ സ്ഫോടനങ്ങളും വെടിവെപ്പുമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.

സൈന്യവും അർധ സൈനിക വിഭാഗവും തമ്മിൽ 72 മണിക്കൂർ നേരത്തേക്കുകൂടി വെടിനിർത്തൽ ദീർഘിപ്പിക്കാൻ സമ്മതിച്ച് മണിക്കൂറുകൾക്കകമാണ് വൻ ഏറ്റുമുട്ടലുണ്ടായത്. സംഘർഷം രൂക്ഷമായ രാജ്യത്തുനിന്ന് വിദേശികളെ ഒഴിപ്പിക്കുന്നതിനാണ് വെടിനിർത്തൽ നീട്ടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഹ്രസ്വ നേരത്തേക്കുള്ള വെടിനിർത്തൽ പലതവണ പ്രഖ്യാപിച്ചെങ്കിലും ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ല. കൂടുതൽ ആക്രമണം ഭയന്ന് ആയിരക്കണക്കിനാളുകൾ അയൽ രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നുണ്ട്.

രാജ്യത്തെ രണ്ടു വൻശക്തികൾ അധികാരത്തിനു വേണ്ടി നടത്തുന്ന പോരാട്ടത്തിൽ ഇതുവരെ നാന്നൂറിലധികം ആളുകള്‍ കൊല്ലപ്പെടുകയും അയ്യായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വീടും ജീവനോപാധിയും നഷ്ടപ്പെട്ട് പലയിടങ്ങളിലും കുടുങ്ങിപ്പോയവരുടെ എണ്ണത്തില്‍ കണക്കുകളില്ല. വെടിവെപ്പില്‍നിന്നും സ്ഫോടനങ്ങളില്‍നിന്നും മോഷണത്തില്‍നിന്നും രക്ഷ നേടി പലരും പലായനം ചെയ്യുകയും ചെയ്തു.

അതിനിടെ തുർക്കിയിലെ പൗരന്മാരെ രക്ഷപ്പെടുത്തുന്നതിന് ഖർത്തൂമിന് 22 കിലോമീറ്റർ അകലെയുള്ള വാദി സയിദ്നായിലേക്ക് പുറപ്പെട്ട സി-130 വിമാനത്തിനുനേരെ ആക്രമണമുണ്ടായതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ലെന്നും വിമാനം സുരക്ഷിതമായി ഇറങ്ങിയതായും അധികൃതർ അറിയിച്ചു. എന്നാൽ തുർക്കി വിമാനത്തിനുനേരെ ആക്രമണം നടത്തിയത് അർധ സൈനിക വിഭാഗമായ ആർ.എസ്.എഫ് ആണെന്ന് സുഡാൻ സൈന്യം കുറ്റപ്പെടുത്തി.

സുഡാന്‍ സായുധസേന മേധാവി അബ്ദൈല്‍ ഫത്ത അല്‍ബുര്‍ഹാനും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് മേധാവി മുഹമ്മദ് ഹംദാന്‍ ഡഗാലോയും തമ്മിലുള്ള മേൽക്കോയ്മ തർക്കത്തിൽ തുടങ്ങിയ കലാപം ഇന്ന് സുഡാനെ മാത്രമല്ല, മറ്റ് പല രാജ്യങ്ങളേയും ബാധിക്കുന്ന തരത്തിലേക്കുള്ള പ്രശ്നമായും മാറിയിരിക്കുന്നു.