Uncategorized

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ, ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ശനിയാഴ്ച

നാടകീയ നീക്കങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തീരുമാനിച്ചു. ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ തുടരും.

ഇന്ന്​ വൈകീട്ട്​ ബംഗളുരുവിൽ നിയമസഭ കക്ഷി യോഗം ഔപചാരികമായി തെരഞ്ഞെടുപ്പ്​ നടപടികൾ പൂർത്തിയാക്കും.ശനിയാഴ്ച ഉച്ചക്ക് 12.30നായിരിക്കും സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.സമാന ചിന്താഗതിക്കാരായ പാർട്ടി നേതാക്കളെ ചടങ്ങിലേക്ക്​ ക്ഷണിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

ഫലം വന്ന് നാല് ദിനം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാനാകാതെ കോൺഗ്രസ് ഹൈക്കമാൻഡ് ആശങ്കയിലായിരുന്നു. മുഖ്യമന്ത്രിസ്ഥാനം പങ്കിട്ടേക്കും എന്ന സൂചനകളായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ആദ്യം പുറത്തുവന്നത്. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും ശേഷം ഡി.കെ. ശിവകുമാറും എന്നതായിരുന്നു കോൺഗ്രസ് നേതൃത്വം മുന്നോട്ടു വെച്ചിരുന്നത്. എന്നാൽ ഡി കെ ശിവകുമാർ ഇതിനെ അം​ഗീകരിച്ചിരുന്നില്ല. രാത്രി വൈകിയും നീണ്ട ചർച്ചകൾക്കൊടുവിലാണ് നിലവിൽ തീരുമാനമായിരിക്കുന്നത്.