Uncategorized

‘മകൾ മരിച്ചുപോയി, അവളെ പഠിപ്പിച്ച് വലിയ ആളാക്കണമായിരുന്നു’; മൺസൂൺ ബമ്പർ നേടിയിട്ടും സന്തോഷിക്കാനാകാതെ ഹരിത സേനാംഗം ശോഭ ചേച്ചി


കേരള ലോട്ടറിയുടെ ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് മലപ്പുറം പരപ്പനങ്ങാടിയിലെ 11 ഹരിത കര്‍മ്മ സേനാംഗങ്ങൾക്കായിരുന്നു. എന്നാൽ ലോട്ടറി അടിച്ചിട്ടും കെട്ടുങ്ങൽ സ്വദേശി ശോഭ ചേച്ചിക്ക് മനസറിഞ്ഞ് സന്തോഷിക്കാനാവില്ല. മൺസൂൺ ബമ്പർ അടിച്ച 11 പേരിൽ ഒരാൾ ശോഭ ചേച്ചിയാണ്. മറ്റുള്ളവരുടെ അത്ര സന്തോഷം ശോഭ ചേച്ചിക്കില്ല. 

ബമ്പർ അടിച്ചത് ആഘോഷിക്കാൻ പ്രിയപ്പെട്ട മകൾ കൂടെയില്ല. മോളെ പഠിപ്പിച്ച് വലിയ ആളാക്കണമെന്നായിരുന്നു ആഗ്രഹം. സാമ്പത്തികം ഉണ്ടായിട്ടല്ല ജീവനായിരുന്നു മകൾ. പക്ഷെ അതിനവൾ കാത്തിരുന്നില്ല. ഇപ്പോൾ പണമായപ്പോൾ മകളുമില്ല. മൂന്ന് വർഷം മുന്നേ ഭർത്താവ് രവി വിട്ടുപിരിഞ്ഞു. മകൻ വിപിനൊപ്പം പരപ്പനങ്ങാടിയിലാണ് ശോഭ ചേച്ചിയുടെ താമസം.

മൺസൂൺ ബമ്പറിന്റെ ഒന്നാംസമ്മാനം പത്ത്‌ കോടിയാണ് പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങളായ 11 പേരെ തേടിയെത്തിയത്. മുങ്ങത്തുതറ കൊഴുകുമ്മൽ ബിന്ദു (42), ചെട്ടിപ്പടി കാരംകുളങ്ങര മാഞ്ചേരി ഷീജ (48), സദ്ദാം ബീച്ച്‌ കുരിളിൽ ലീല (50), തുടിശേരി ചന്ദ്രിക (63), പട്ടണത്ത് കാർത്യായനി (74), പുത്തരിക്കൽ മുണ്ടുപാലത്തിൽ രാധ (49), ചെറുമണ്ണിൽ ബേബി (65), ചെറുകുറ്റിയിൽ കുട്ടിമാളു (65), ചിറമംഗലം പുല്ലാഞ്ചേരി ലക്ഷ്‌മി (43), പരപ്പനങ്ങാടി കുറുപ്പംകണ്ടി പാർവതി (56), കെട്ടുങ്ങൽ ശോഭ കൂരിയിൽ (54) എന്നിവർ പങ്കിട്ടെടുത്ത ടിക്കറ്റിനാണ്‌ ഒന്നാംസമ്മാനം. ഒമ്പതുപേർ 25 രൂപവീതവും ഇതും കൈയിലില്ലാതിരുന്ന ബേബിയും കുട്ടിമാളുവും പന്ത്രണ്ടര രൂപവീതവും പങ്കിട്ടാണ് ലോട്ടറിയെടുത്തത്.

MB 200261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.ഹരിത കർമ സേനയിലെ 11 പേരും പങ്കിട്ടാണ് ഈ ടിക്കറ്റ് എടുത്തത്. ലോട്ടറി വിൽപ്പനക്കാരൻ സംഘത്തിലെ അംഗമായ രാധയോട് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെടുകയും എന്നാൽ ആദ്യം നിരസിച്ച രാധ മറ്റുള്ളവരുടെ താല്പര്യത്തെ തുടർന്ന് ടിക്കറ്റ് എടുക്കുകയായിരുന്നു. ഇത് നാലാം തവണയാണ് പങ്കിട്ട് ടിക്കറ്റ് എടുക്കുന്നതെന്ന് അംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചു. പാലക്കാട്ടെ എജന്‍സി, കുറ്റിപ്പുറത്തെ വില്‍പനക്കാരന് കൈമാറിയ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചുപേർക്കായിരുന്നു.