Uncategorized

മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്ച; നാലംഗ സംഘത്തിനെതിരെ കേസെടുത്ത് വനം വകുപ്പ്

മുല്ലപ്പെരിയാറിലെ സുരക്ഷാ വീഴ്ചയിൽ കേസെടുത്ത് വനം വകുപ്പ്. അനുവാദമില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് പ്രവേശിച്ചതിനാണ് കേസ്. രണ്ട് റിട്ടയേഡ് എസ്പിമാരടക്കം നാല് പേർക്കെതിരെയാണ് കേസെടുത്തത്. ഇവരെ കടത്തി വിട്ട തേക്കടിയിലെ വനപാലകർക്ക് എതിരെ നടപടി ഉണ്ടാകും. അതീവ സുരക്ഷാ പ്രാധാന്യമുള്ള ഡാമിലേക്ക് പുറത്തുനിന്നുള്ളവർ കയറിയതിൽ ആണ് നടപടി. തേക്കടിയിൽ നിന്നും ബോട്ടിലാണ് ഇവർ പോയത്.

ഞായറാഴ്ചയാണ് ഇവർ സന്ദർശനം നടത്തിയത്. തമിഴ്നാടിൻറെ ബോട്ടിലെത്തിയ നാല് പേരെയും പൊലീസ് തടഞ്ഞിരുന്നില്ല. സന്ദർശകരുടെ പേരുകൾ ജി.ഡി രജിസ്റ്ററിൽ രേഖപ്പെടുത്താനും പൊലീസ് തയാറായിരുന്നില്ല. കേരള പൊലീസിലുണ്ടായിരുന്ന രണ്ട് പേരും ഡൽഹി പൊലീസിലെ രണ്ടുപേരുമാണ് സംഘത്തിലുണ്ടായിരുന്നത്.

ഡാമിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഉദ്യോഗസ്ഥര്‍ തന്നെ പോകുമ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനിൽ വിവരമറിയിക്കണമെന്നാണ് നിയമം. ഒരു പരിശോധനയും കൂടാതെയാണ് ഇവരെ കടത്തിവിട്ടത്. ഇത് ഗുരുതര വീഴ്ച എന്നാണ് മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ മനസ്സിലായത്. സുരക്ഷാവീഴ്ച സംബന്ധിച്ച് ഡിവൈഎസ്പി, എസ് പിക്ക് ഉടൻ റിപ്പോർട്ട് നൽകും. റിപ്പോർട്ട് അടിസ്ഥാനത്തിൽ എസ് പി നടപടി പ്രഖ്യാപിക്കും. സംഭവം വിവാദമായപ്പോൾ നാല് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.